ദേവസ്വം ബോർഡിൽ ‘ഇടതുഭരണം’ തന്നെ; അതൃപ്തി അറിയിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: ഭരണം മാറിയെങ്കിലും ഇടതുപക്ഷ സ്വാധീനം അവസാനിച്ചില്ലെന്ന് തെളിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തുടരുന്ന ഭരണവും സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമെല്ലാം സർക്കാറിന് തലവേദനയാകുന്നു. സർക്കാർ മാറിയെങ്കിലും ഇടത് അനുകൂല സംഘടനയുടെ സ്വാധീനം വെളിവാക്കുന്ന നിലയിലാണ് ബോർഡിലെ കാര്യങ്ങളെല്ലാം.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിവാദം ഉയർന്നപ്പോഴാണ് പി.എസ്. പ്രശാന്തിനെ മാറ്റി, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചത്. സർക്കാർ മാറിയിട്ടും ഈ ഭരണസമിതി തുടരുകയാണ്. അതിനിടെയാണ് ബോർഡിൽ ഇടത് അനുകൂലികളുടെ സ്വാധീനം വ്യക്തമാക്കുന്ന സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റവുമെല്ലാം പുറത്തുവരുന്നത്. ഇതിൽ ദേവസ്വംമന്ത്രി കെ. മുരളീധരൻ ബോർഡിനെ അതൃപ്തി അറിയിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിച്ചതും ഉത്സവത്തിന് മുൻകൂർ വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ആരോപണവിധേയനെ വിജിലൻസ് ഓഫിസറായി നിയമിച്ചതുമുൾപ്പെടെ നിയമന വിവാദങ്ങളാണ് ബോർഡിലിപ്പോൾ. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, അസിസ്റ്റന്റ് കമീഷണർ റാങ്കിലേക്കുള്ള നിയമനങ്ങളിലാണ് പരാതി. നിയമിതരിൽ പലരും ബോർഡിലെ ഇടത് അനുകൂലികളും നേതാക്കളുമാണെന്നും ചൂണ്ടിക്കാട്ടുന്നു.
സീനിയർ ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാക്കരുതെന്ന മാനദണ്ഡം സി.പി.എം അനുകൂല സംഘടനാ നേതാവിനുവേണ്ടി അട്ടിമറിച്ചെന്നും സീനിയറെന്ന അതേ മാനദണ്ഡം പറഞ്ഞ് കോൺഗ്രസ് യൂനിയൻ നേതാവിന് നിയമനം നിഷേധിച്ചെന്നും ജൂനിയറായ ഇടതുപക്ഷ നേതാവിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചെന്നുമൊക്കെയുള്ള പരാതികളാണ് ഉയരുന്നത്. വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരാകാൻ വൻ സമ്മർദവും ശിപാർശയുമുണ്ട്.
വിജിലൻസ് കേസിലുൾപ്പെട്ടയാളെ ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാക്കിയതായും പരാതിയുണ്ട്. ദേവസ്വം ബോർഡിലെ ഈ സ്ഥലംമാറ്റത്തിൽ പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സി.പി.എം അംഗം വ്യാപക ഇടപെടൽ നടത്തിയെന്ന് കോൺഗ്രസ് അനുകൂല സംഘടന ആരോപിക്കുന്നു. അവർ ഇക്കാര്യം ദേവസ്വം മന്ത്രിയെ അറിയിക്കുകയും ചെയ്തു. ഈ നിയമനങ്ങളിൽ സാമ്പത്തിക ഇടപാട് നടന്നെന്ന ആക്ഷേപവും ഉയർന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ. മുരളീധരന് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

