ദേവസ്വം ബോർഡിന്റെ ഓഡിറ്റിങ്: മൂന്നുവർഷം പിന്നിലെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഡിറ്റിങ് നിലവിൽ മൂന്നുവർഷം പിന്നിലാണെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. സ്ഥാവരജംഗമ വസ്തുക്കളുടെ കൃത്യമായ മൂല്യനിർണയം നടന്നിട്ടില്ല. ഭക്തർ നൽകുന്ന സ്വർണം, ഭൂമി തുടങ്ങിയവ കണക്കുകളിൽ ഉൾപ്പെടുത്തുന്നില്ല. ബോർഡും ക്ഷേത്രങ്ങളും പണമിടപാടുകൾക്ക് പഴയരീതി പിന്തുടരുന്നത് സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുന്നു. ക്ഷേത്ര ഉപദേശക സമിതികൾ ബോർഡിന്റെ പാൻ നമ്പർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇടപാടുകൾ ഔദ്യോഗിക കണക്കുകളിൽ വരുന്നില്ല.
ബാങ്ക് സ്റ്റേറ്റ്മെന്റും രജിസ്റ്ററുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. കരാറുകാർക്ക് നൽകാനുള്ള തുകയോ നികുതി ബാധ്യതകളോ കൃത്യമായി രേഖപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിൽ ഭരണനടപടികളിലും വരവുചെലവു കണക്കുകളിലും സുതാര്യത ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറണമെന്ന് കോടതി നിർദേശിച്ചു.
എല്ലാ ക്ഷേത്രങ്ങളിലും ഭരണപരമായ കാര്യങ്ങൾക്കും അക്കൗണ്ടിങ്ങിനുമായി ഏകീകൃത കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തണം. ഓഡിറ്റ് പരിശോധനകൾ എളുപ്പമാക്കാനും വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. നിലവിലെ രേഖകൾ മാറ്റുമ്പോൾ ചരിത്രപരമായ വിവരങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കണം. കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) മുഖേന നടപ്പാക്കുന്ന കമ്പ്യൂട്ടർവത്കരണ പദ്ധതിയിൽ ഓഡിറ്റ് കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തണം. കൈവശമുള്ള ഡിജിറ്റൽ വിവരങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറ്റാൻ ഡാറ്റാ മൈഗ്രേഷൻ പ്ലാൻ തയാറാക്കണം. പഴയ സോഫ്റ്റ് വെയറുകൾ ഘട്ടങ്ങളായി ഒഴിവാക്കണം-കോടതി നിർദേശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അതേസമയം, അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ വലിയ പൊരുത്തക്കേടുള്ളതായാണ് ബോർഡിന്റെ ഓഡിറ്റർ വിജയൻ ആൻഡ് അസോസിയേറ്റ്സ് കണ്ടെത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

