‘ജാതിയുടെ പേരിൽ കഴകക്കാരനെ മാറ്റിയത് കേരളത്തിന് അപമാനം’; കാലഘട്ടത്തിന് യോജിച്ച സമീപനമല്ലെന്ന് ദേവസ്വം മന്ത്രി
text_fieldsവി.എൻ. വാസവൻ
തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ തന്ത്രിമാരുടെ പരാതിയെ തുടർന്ന്, മറ്റ് ജോലിക്ക് നിയോഗിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ദേവസ്വം നിയമങ്ങളനുസരിച്ച് സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന് ആ തസ്തികയില്‍ ക്ഷേത്രത്തില്തന്നെ ജോലി ചെയ്യണമെന്നുള്ളതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഉപധനാഭ്യർഥനക്ക് മറുപടി പറയവെയാണ് വിഷയത്തിലെ സർക്കാർ നിലപാട് മന്ത്രി വ്യക്തമാക്കിയത്. തന്ത്രിമാരുടെ വിയോജിപ്പിനെ തുടര്‍ന്ന്, ഈഴവ സമുദായത്തിൽപെട്ട കഴകക്കാരനെ ക്ഷേത്രത്തില്‍നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ആക്ടും റെഗുലേഷൻസും അനുസരിച്ച് ഇവിടെ രണ്ടുപേരെ നിയമിക്കാം. ഒന്ന് തന്ത്രിക്ക് നേരിട്ട് നിയമിക്കാവുന്ന തസ്തിക. രണ്ടാമത്തെയാളെ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പ്രകാരവും. ഇത്തരത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് വഴി നിയമിക്കപ്പെട്ടയാളാണ് ബാലു. എന്നാൽ, ഇത്തരം ഒരാളെ ജോലിക്ക് നിയോഗിച്ചാൽ തങ്ങൾ ജോലി ചെയ്യില്ലെന്നായിരുന്നു തന്ത്രിമാരുടെ നിലപാട്. ഇതേത്തുടർന്ന് ബാലുവിനെ ഓഫിസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു. ജാതി പറഞ്ഞ് ഒരാളുടെ ജോലി നിഷേധിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പുരോഗമനപരമായ നിലപാടാണ് കേരളസമൂഹം സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കഴകക്കാരനെ മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കൂടൽ മാണിക്യം ദേവസ്വത്തിൽ പിന്നാക്കക്കാരനെ കഴകം ചുമതലയിൽനിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമാനുസൃത രീതികളിലൂടെ തെരഞ്ഞെടുത്ത നിയമനമാണിത്. തന്ത്രിമാരെടുത്ത നിലപാട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കെതിരാണ്.
മനുവാദികൾക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകൾ കേരളത്തിന്റെ സാംസ്കാരിക ബോധത്തിന് എതിരാണ്. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ തൊഴിലിൽനിന്ന് മാറ്റിനിർത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

