കാഴ്ച കവർന്ന വിധിയെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ചു; പ്രചോദനമായി അബ്ദുല്‍ അസീസ്
text_fieldsമുണ്ടേരി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന് കെ. അബ്ദുല്‍ അസീസ്
എടക്കര: കാഴ്ച നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജീവിതത്തിന്റെ ഇരുളിനെ തോല്‍പിച്ച് അധ്യാപക ജീവിതത്തിന്റെ ഉന്നത പദവിയിലെത്തിയ കെ. അബ്ദുല്‍ അസീസ് മാസ്റ്റര്‍ അധ്യാപക ദിനത്തിലെ താരമാകുന്നു. മുണ്ടേരി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായ അബ്ദുല്‍ അസീസ് മാസ്റ്ററുടെ ജീവിതം പ്രതിസന്ധികളെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടന്നതിന്റെ നേര്‍ക്കാഴ്ചയാണ്.
നീലഗിരി ജില്ലയിലെ നെല്ലാക്കോട്ടയിലാണ് അബ്ദുല്‍ അസീസ് ജനിച്ചത്.സാധാരണ കുട്ടികളെപ്പോലെ കൂട്ടുകാരോടൊപ്പം കളിച്ചും പ്രകൃതിയുടെ കാഴ്ചകളും വര്‍ണങ്ങളും ആസ്വദിച്ചായിരുന്നു ബാല്യം. എന്നാല്‍ നെല്ലാക്കോട്ട സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീവിതത്തെ മാറ്റിമറിച്ച ദുരന്തമെത്തി. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും മറ്റേ കണ്ണിനെയും കാഴ്ചക്കുറവ് ബാധിക്കുകയും ചെയ്തു. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല. 13ാം വയസ്സില്‍ ഇരുകണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു.
ജീവിതം ഇരുളടഞ്ഞുവെന്ന് തോന്നിയ ഘട്ടത്തില്‍ തോല്‍ക്കാന്‍ അസീസ് തയാറായില്ല. ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, അതിനെ മുന്നേറാനുള്ള കരുത്താക്കി മാറ്റുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കൊളത്തറ ഭിന്നശേഷി വിദ്യാലയത്തില്‍ നാലാം ക്ലാസില്‍ പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് സ്വദേശിയായതിനാല്‍ ഗ്രാന്റ് കിട്ടില്ലെന്ന കാരണത്താല്‍ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് മങ്കട പള്ളിപ്പുറം അന്ധവിദ്യാലയത്തില്‍ പ്രവേശനം നേടി രണ്ട് വര്‍ഷം പഠിച്ചു. പിന്നീട് ആറ്, ഏഴ് ക്ലാസുകളില്‍ കൊളത്തറ വിദ്യാലയത്തില്‍ പഠനം തുടര്‍ന്നു. ശേഷം ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്, മമ്പാട് എം.ഇ.എസ് കോളജ്, കോഴിക്കോട് ഫാറൂഖ് കോളജ് എന്നിവിടങ്ങളിലായി സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതിനിടെയില്‍ കുടുംബസാഹചര്യങ്ങള്‍ മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി.എഡ് പൂര്‍ത്തിയാക്കി അധ്യാപകവൃത്തിയിലേക്ക് കടന്നു.
1994ല്‍ കരുളായിയിലേക്ക് താമസം മാറിയ അസീസ് 2002ല്‍ കരുളായി പുള്ളിയില്‍ ജി.യു.പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പുല്ലങ്കോട് ജി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. തിരൂര്‍ പൊന്‍മുണ്ടം ജി.എച്ച്.എസ്.എസില്‍ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം ഇപ്പോള്‍ മുണ്ടേരി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്.
കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് വിദ്യാര്‍ഥി വിഭാഗം സംസ്ഥാന സെക്രട്ടറി, അധ്യാപക വിഭാഗം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഴ്ചയില്ലായ്മയെ പരിമിതിയായി കാണാതെ അറിവും ആത്മവിശ്വാസവും ആയുധമാക്കി മുന്നേറിയ അസീസ് മാസ്റ്ററുടെ ജീവിതം, നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ പ്രതിസന്ധികള്‍ക്ക് മുന്നില്‍ മനുഷ്യന് തോല്‍ക്കേണ്ടിവരില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. അധ്യാപക ദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതകഥ അധ്യാപക സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രചോദനമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

