
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം: വിദഗ്ധ സമിതിയെ നിയോഗിച്ചു
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോപ്ലക്‌സിന്‍റെ നിർമാണം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച് റിപ്പോർട്ട് പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടു.
ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ്. ഹരികുമാർ (കൺവീനർ), ഐ.ഐ.ടി ഖരഗ്പൂർ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം സീനിയർ പ്രൊഫ. ഡോ. ടി.എം. മാധവൻ പിള്ള, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് ചീഫ് എൻജിനീയർ എൽ. ബീന, തിരുവനന്തപുരം എൻജിനീയറിങ് കോളജ് പ്രഫ. കെ.ആർ. ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രൂപകൽപനയിലെ അശാസ്ത്രീയതമൂലം കെട്ടിടത്തിെൻറ സുരക്ഷയിൽ തന്നെ പ്രശ്നമുണ്ടെന്നാണ് ഐ.ഐ.ടി റിപ്പോർട്ട്. കെട്ടിടത്തിലുടനീളം അപാകതകളുണ്ടെന്നും താഴെ നിലയിലെ ശക്തിപ്പെടുത്തലിന് ശേഷം ടവറിനു മുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് ശിപാർശ.
എന്നാൽ, ഐ.ഐ.ടി റിപ്പോർട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാറിന് കത്ത് നൽകിയിരുന്നു. ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി ബസ്സ്റ്റാൻഡ് ഒഴിപ്പിക്കൽ നടപടി ഉൾപ്പെടെ നടത്തരുതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ അഭിപ്രായം.
അതേസമയം, ഐ.ഐ.ടി റിപ്പോർട്ട് പ്രകാരം തന്നെ ബലപ്പെടുത്തൽ നടപടിയുമായി മുന്നോട്ടു പോകണമെന്നാണ് കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിയുടെ നിലപാട്.