തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ കൊട്ടിക്കലാശവും ജാഥയുമില്ല, ഭവന സന്ദര്‍ശനത്തിന് അഞ്ച് പേര്‍ മാത്രം
text_fieldsതിരുവനന്തപുരം: ഡിസംബര്‍ ആദ്യവാരം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാർഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂവെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് വിശദമായ മാര്‍ഗരേഖയുണ്ട്. നാമനിർദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു സമയം ഒരു സ്ഥാനാർഥിക്ക് മാത്രമ പ്രവേശനം അനുവദിക്കൂ. സ്ഥാനാർഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂ. സ്ഥാനാർഥിക്കൊപ്പം വാഹനവ്യൂഹമോ ആള്‍ക്കൂട്ടമോ പാടില്ല. സ്ഥാനാർഥിയെ ബോക്കയോ നോട്ട് മാലയോ ഇട്ട് സ്വീകരിക്കാന്‍ പാടില്ല. ഭവന സന്ദര്‍ശനത്തിന് സ്ഥാനാർഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.
റോഡ് ഷോക്കും വാഹന റാലിക്കും മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. നോട്ടീസും ലഘുലേഖയും ഒഴിവാക്കി പരമാവധി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്നാണ് കമീഷന്‍റെ നിർദേശം. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും. സ്ഥാനാർഥിക്ക് കോവിഡ് ബാധിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങരുത്.
പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വോട്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം വോട്ടര്‍മാര്‍ മാസ്ക് മാറ്റിയാല്‍ മതിയാകുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പോളിങ് സാധനങ്ങളുടെ വിതരണം, പോളിങ് ബൂത്തുകളുടെ സജ്ജീകരണം, വോട്ടെണ്ണല്‍ ക്രമീകരണം എന്നിവക്കും മാര്‍ഗരേഖയുണ്ട്.