പ്രളയം പാഠമായില്ല: ദുർബലമേഖലയിൽ കുന്നിടിച്ച് മണ്ണ് മാഫിയ
text_fieldsതൊടുപുഴ: കുന്നിടിക്കൽ വരുത്തുന്ന പ്രത്യാഘാതം സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിെൻറ ചൂടാറും മുേമ്പ മൂന്നാർ അടക്കം പരിസ്ഥിതി ദുർബലമേഖലയിൽ വ്യാപക മണ്ണെടുപ്പും വിൽപനയും. പരിസ്ഥിതിലോല പരിഗണന നൽകാതെ വ്യാപകമായി മലയിടിച്ചതും അശാസ്ത്രീയ നിർമാണവുമാണ് ഇടുക്കിയിലാകെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായതെന്നാണ് പ്രളയാനന്തരം തയാറാക്കിയ റിപ്പോർട്ട്. ഇടുക്കിയിൽ 56 പേർ ആഗസ്റ്റിലെ ദുരന്തത്തിൽ മരിച്ചത് മണ്ണിടിഞ്ഞോ ഉരുൾപൊട്ടിയോ ആയിരുന്നു. ജനത്തെ ഭീതിയിലാഴ്ത്തിയ ഭൂമിയുടെ ഘടനമാറ്റത്തിനും കുന്നിടിക്കൽ കാരണമായി. ഉരുൾപൊട്ടലിനു സമാനമായി ഭൂമി പിളർന്നും ഇടുക്കിയിൽ ദുരന്തം സംഭവിച്ചു.
ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാനെന്ന മട്ടിലും പുനർനിർമിതിക്കെന്ന വ്യാജേനയും രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയോടെയാണ് പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം ഇപ്പോൾ മലയിടിച്ചും നീർച്ചാലുകൾ നികത്തിയും മണ്ണ് മാഫിയ വിഹരിക്കുന്നത്. പ്രളയകാലത്ത് മണ്ണുമാന്ത്രി യന്ത്രങ്ങളുടെ അകമഴിഞ്ഞ സേവനം കിട്ടിയെന്ന നിലയിൽ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ടാണ് പ്രളയപാഠം കണക്കിലെടുക്കാതെ ഇക്കൂട്ടരുടെ പരിസ്ഥിതി വിരുദ്ധ നടപടിക്ക് ‘ലൈസൻസ്’ നൽകുന്നത്. അനുമതിയില്ലാതെയും കൈയേറിയും കുന്നിടിച്ചിടങ്ങളിൽ പ്രളയം വീഴ്ത്തിയ മണ്ണ് നീക്കുകയും ഇതിനു മറവിൽ അനധികൃതമായി മണ്ണെടുപ്പും കൈയേറ്റവുമാണ് അരങ്ങേറുന്നത്. മൂന്നാർ ഇക്ക നഗർ, പഴയ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, ആനച്ചാൽ, ചിത്തിരപുരം, അടിമാലി, ആയിരമേക്കർ, പൊളിഞ്ഞപാലം ജാതിത്തോട്ടം എന്നിവിടങ്ങളിൽ അനധികൃത മണ്ണെടുപ്പ് രണ്ടര മാസത്തിലേറെയായി തുടരുന്നു.
വയലുകളായിരുന്ന പ്രദേശങ്ങളിലും തണ്ണീർതടങ്ങളിലും നീർചാലുകളിൽപോലും വൻതുക ഉറപ്പിച്ച് മണ്ണടിച്ചു നൽകുകയാണ്. മൂന്നാറില്‍ മണ്ണിടിച്ചിലിനു കാരണമായത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചുള്ള നിര്‍മാണങ്ങളാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയത്. ഇവിടെ റിസോർട്ടുകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നത് ട്രില്ലിങ് അടക്കം െചയ്താണ്. പരിസ്ഥിതിലോല പ്രദേശത്തെ ഇത്തരം പ്രവര്‍ത്തനം ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയിടിക്കുകയായിരുന്നുവെന്നും അതോറിറ്റിയുടെ പഠനം പറയുന്നു.
ഭൂമിയുടെ ഘടനമാറ്റം സംബന്ധിച്ച് വിശദ പഠനം ശിപാർശ ചെയ്യുന്നതുമായ റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ കൈവശമിരിക്കെയാണ് അധികൃതരുടെ കൺമുന്നിൽ നിയമം കാറ്റിൽപറത്തി കുന്നിടിക്കൽ. ഇടുക്കിയിൽ 278 ഇടത്താണ് ആഗസ്റ്റിൽ ഉരുൾപൊട്ടലുണ്ടായത്. 1850 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
