ദേശീയപാതക്കായി പണം മുടക്കിയിട്ടും പടിക്കുപുറത്ത്; വികസന പങ്കാളിത്തത്തിലും വെട്ടിയൊതുക്കൽ
text_fieldsതിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ തഴഞ്ഞതിന് പിന്നിൽ പദ്ധതിയുടെ വികസന പങ്കാളിത്തത്തിൽനിന്നുതന്നെ സംസ്ഥാന സർക്കാറിനെ ബോധപൂർവം വെട്ടിമാറ്റാനുള്ള കേന്ദ്ര നീക്കം. അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാത 66ന്‍റെ വികസനത്തിൽ ഭൂമി ഏറ്റെടുക്കലിന് പണം ചെലവിടേണ്ടി വന്നത് കേരളത്തിന് മാത്രമാണ്. ഏകദേശം 5,580 കോടി രൂപ കടമെടുത്താണ് കേരളം ചെലവഴിച്ചത്. ഈ തുക സംസ്ഥാനത്തിന്‍റെ വാർഷിക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുകകൂടി ചെയ്തതോടെ ഇരട്ട പ്രഹരമായി. 5,580 കോടി കടമായെന്ന് മാത്രമല്ല, സംസ്ഥാനത്തിന് 5,580 കോടി കടമെടുക്കാനുള്ള അവസരവും ഇല്ലാതായി. ഫലത്തിൽ 11,000 കോടിയുടെ ബാധ്യതയാണ് കേരളത്തിനുണ്ടായത്.
ദേശീയപാതക്കായി കേന്ദ്രം ചെലവിട്ട തുക ടോൾ ഇനത്തിൽ വസൂലാക്കുമ്പോൾ സംസ്ഥാനവിഹിതം സ്വന്തം ബാധ്യതായി അവശേഷിക്കുകയാണ്. ഇത്തരത്തിൽ സംസ്ഥാനത്തിന് ധനപരമായി പങ്കാളിത്തമുള്ള പദ്ധതിയായിട്ടും ഭൂമി ഏറ്റെടുക്കലിന് ദേശീയപാത അതോറിറ്റി കരാർ ഒപ്പിട്ട വകുപ്പിന്‍റെ മന്ത്രിയെ തന്നെ അവഗണിച്ചു. കേരളത്തോടുള്ള കേന്ദ്രഅവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് സി.പി.എമ്മും ഇടതുപക്ഷവും വിഷയത്തെ ഉപയോഗപ്പെടുത്തുക. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയെ ഒഴിവാക്കുമ്പോൾതന്നെ, ഔദ്യോഗിക പദവികളില്ലാത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചതും രാഷ്ട്രീയപക്ഷപാത നിലപാടായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് സമാന്തമായി അതേദിവസം തന്നെ രണ്ടു റീച്ചുകളിലും എൽ.ഡി.എഫ് റോഡ് ഷോകൾ നടത്തിയത് കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. പദ്ധതിയുടെ യഥാർഥ നടത്തിപ്പുകാർ സംസ്ഥാന സർക്കാരാണെന്ന സന്ദേശം നൽകുന്നതിനൊപ്പം വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്രം തട്ടിയെടുക്കുന്നുവെന്ന പ്രചാരണത്തിന് കൂടി സി.പി.എം ഇതിലൂടെ മൂർച്ച കൂട്ടുന്നു.
അതേസമയം, മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് കേവലം പ്രോട്ടോകോൾ നടപടി മാത്രമാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് ബി.ജെ.പി വാദം. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ ഇത്രയധികം ആകുലത പ്രകടിപ്പിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ടാണെന്നും ബി.ജെ.പി പരിഹസിക്കുന്നു.
‘മുഖ്യമന്ത്രിയുടെ മകനെയോ മരുമനെയോ ക്ഷണിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്’’ എന്ന ചോദ്യത്തിലൂടെ വികസന ചർച്ചകളെ കുടുംബ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടാനും ബി.ജെ.പി ശ്രമിക്കുന്നു. കേന്ദ്രത്തെയും സംസ്ഥാനത്തെയും ഒരുപോലെ എതിർക്കേണ്ടിവരുന്ന യു.ഡി.എഫ് ഈ വിഷയത്തിൽ സംയമന നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

