സീസണായിട്ടും ചക്കക്ക് ക്ഷാമം
text_fieldsനെടുമങ്ങാട്: ജനുവരി അവസാനിക്കാറായിട്ടും ചക്കക്ഷാമം തുടരുന്നു. ചക്കക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും കൊതി തീരെ തിന്നാൻ കിട്ടാനില്ല. ജനുവരി മാസമാകുമ്പോഴേക്കും വീടുകളിലെ പ്രധാന ഭക്ഷണമായിരുന്നു ചക്ക. എന്നാലിന്ന് ഇവ കിട്ടാത്ത സ്ഥിതിയാണ്. നാട്ടിൻപുറങ്ങളിലെങ്ങും പ്ലാവുകൾ വേണ്ടത്ര കായ്ച്ചിട്ടുപോലുമില്ല. വഴിയോരങ്ങളിൽ വില്പനക്കെത്തിയിട്ടുള്ള ചക്കക്കാകട്ടെ പൊള്ളുന്ന വിലയും.
കോവിഡ് ലോക്ഡൗൺ കാലത്താണ് മലയാളിയുടെ ദൈനംദിന ഭക്ഷണക്രമങ്ങളിൽ ചക്കക്ക് രാജകീയപദവി ലഭിച്ചത്. ഇന്ന് തീന്മേശയില് സമൃദ്ധമായിരുന്ന ചക്കവിഭവങ്ങള്‍ പാടേ കുറഞ്ഞു. ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, ചക്ക എരിശേരി, ചക്കത്തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി തുടങ്ങി ചക്കപ്പായസം വരേയുള്ള വിഭവങ്ങള്‍ക്കാണ് ചക്ക ക്ഷാമം കുറവുണ്ടാക്കിയത്. മാർക്കറ്റിലെത്തുന്ന ചക്കക്ക് വൻ വിലയാണ്. കഴിഞ്ഞ സീസണിൽ തൊലികളഞ്ഞ ഒരു കിലോ ചക്കക്ക് 25-30 രൂപയുണ്ടായിരുന്നെങ്കിൽ ഇന്ന് അതേ ചക്കക്ക് 40-50 രൂപയായി. ചക്കയിൽ നിന്നുണ്ടാക്കുന്ന എല്ലാ മൂല്യവർധിത ഉൽപന്നങ്ങൾക്കും വില വർധനയുണ്ട്.
കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ചക്കയുടെ വരവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. ജൂൺ മുതൽ നവംബർ വരെയുണ്ടായ മഴയാണ് വിളയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തൽ. പ്ലാവുകളിൽ വിടർന്ന തിരികളിലേറെയും മഴയിൽ അഴുകിപ്പോയി. വേനൽമഴയിലാണ് പ്ലാവിൽ ചക്കവീഴുന്നത്. ഡിസംബർ മുതൽ മേയ് വരെയാണ് ചക്ക സീസൺ. കഴിഞ്ഞ സീസണിലെ ചക്ക ഉൽപാദനവുമായി താരതമ്യംചെയ്യുമ്പോൾ 60 ശതമാനത്തിന്റെ കുറവുള്ളതായി പറയുന്നു. പ്ലാവുകൾ കായ്ക്കാൻ വൈകുന്നതിനാൽ വിളവെടുപ്പ് മഴക്കാലത്താകുമോയെന്നും ആശങ്കയുണ്ട്. മഴക്കാലത്ത് വിളവെടുക്കുന്ന ചക്കക്ക് ആവശ്യക്കാർ കുറവായിരിക്കും.
ചക്ക കേരളത്തിന്റെ മാത്രമല്ല, അയല്‍സംസ്ഥാനമായ തമിഴ്നാടിന്റെ കൂടി ഔദ്യോഗിക ഫലമാണ്. എന്നാലും കേരളത്തിൽനിന്നുള്ള ചക്കക്ക് തമിഴ്നാട്ടിലും ആവശ്യക്കാരേറെയാണ്. േകാവിഡ് കാലഘട്ടത്തിൽ രണ്ടുവർഷമായി ചക്കയുടെ ഉപഭോഗം കൂടിയിരുന്നു. കഴിഞ്ഞ രണ്ടുവർഷം ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കായ്ക്കുന്ന ചക്കയിൽ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കാണ് പോയിരുന്നത്. സീസണിൽ ചക്കവ്യാപാരത്തിനുമാത്രമായി തമിഴ്നാട്ടിൽനിന്ന് പ്രത്യേക സംഘമെത്താറുണ്ട്. ഇവരിലൂടെ ഓരോ സീസണിലും തമിഴ്നാട്ടിലേക്ക് ലോഡുകണക്കിനു ചക്കയാണ് കൊണ്ടുപോയിരുന്നത്. തമിഴ്നാട്ടിൽ നിന്ന് വന്ന് ചരക്കിറക്കി തിരികെ പോകുന്ന ലോറിക്കാർ മൊത്തമായി ചക്ക വാങ്ങിക്കൊണ്ടുപോകാറുമുണ്ട്.
ചക്കയില്ലാതായതോടെ ചക്ക വറ്റലും ചക്കപ്പൊടിയടക്കമുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ചക്കക്കായി നെട്ടോട്ടത്തിലാണ് പല കമ്പനികളും സംസ്കരണശാലകളും.10 കിലോഗ്രാം ഉള്ള ചക്കയിൽ നിന്നു കുറഞ്ഞത് 600 രൂപയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും എന്നാണ് ഹോർട്ടികൾചർ മിഷൻ പറയുന്നത്. ചക്കയുടെ തോട് തൊട്ട് ചക്കക്കുരു വരെ ഭക്ഷ്യയോഗ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ചക്ക കൊണ്ട് ജാം, പപ്പടം, പുഴുക്ക്, അട, പായസം, ഹല്‍വ, വൈന്‍, കട്ലറ്റ് എന്നിങ്ങനെ നൂറുകൂട്ടം വിഭവങ്ങള്‍ ഉണ്ടാക്കുന്നു. കീടനാശിനികളില്ലാത്തതിനാൽ വിശ്വാസത്തോടെ കഴിക്കാവുന്ന ഏക ഭക്ഷണമാണ് ചക്ക. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കയിലെ നാരുകൾ വൻകുടലിലെ കാൻസറിനെ പ്രതിരോധിക്കുന്നു. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.
ചക്കയുടെ ഈ വന്‍ സാധ്യതകള്‍ മലയാളി തിരിച്ചറിയുന്നില്ല. ഓരോ സീസണിലും മുറ്റത്തും തൊടിയിലും പഴുത്തുവീഴുന്ന ഓരോ ചക്കയും നൂറും ആയിരവും രൂപയുടെ വിഭവമാണ്. പ്രോട്ടീന്‍ സമൃദ്ധവും വിഷരഹിതവുമായ ചക്കയെ തൊടിയിലെറിഞ്ഞ് മലയാളി ഫാസ്റ്റ് ഫുഡുകള്ക്കുപിന്നാലെ പായുമ്പോൾ തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലെ പണ്‍റുട്ടി എന്ന ഗ്രാമം ചക്കഗ്രാമമെന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്. പണ്‍റുട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണ്. സ്വന്തമായ കൃഷിരീതി വഴി വര്‍ഷത്തില്‍ എല്ലാ മാസവും ഇവിടെ ചക്ക വിളയിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.