കേരളത്തിലെ ആരോഗ്യരംഗം മത്സരിക്കുന്നത് പാശ്ചാത്യ വികസിത സമ്പദ്‌ഘടനകളോട് -ദേശാഭിമാനി എഡിറ്റോറിയൽ
text_fieldsതിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് വൈക്കം സ്വദേശിനി ബിന്ദു മരിച്ച സംഭവം മാധ്യമങ്ങൾ പെരുപ്പിച്ച് കാട്ടുകയാണെന്നും പ്രതിപക്ഷം അത് മുതലെടുക്കുകയാണെന്നും ദേശാഭിമാനി എഡിറ്റോറിയൽ. കോട്ടയം സംഭവത്തിൽ മാധ്യമങ്ങളും പ്രതിപക്ഷവും നെറികെട്ട ആക്ഷേപങ്ങളാണ് നിരത്തുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്ന തരത്തിൽ വകുപ്പു മേധാവി ഡോ. ഹാരിസ് ചിറക്കൽ കുറിച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ സംഘടിതമായി നടത്തുന്ന പ്രചണ്ഡമായ പ്രചാരണഘോഷങ്ങൾക്കിടെയാണ് ഒരു സ്‌ത്രീയുടെ മരണത്തിനിടയാക്കിയ ദുരന്തം. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീർക്കാനുള്ള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങൾക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നത് നിസ്‌തർക്കമായ കാര്യം.
കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢാലോചന കൂടിയുണ്ട്. സൗജന്യ ചികിത്സ നല്‍കുന്ന ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യം.
രക്ഷാപ്രവർത്തനം വൈകി, അവശിഷ്‌ടങ്ങൾക്കിടയിൽ ആരുമില്ലെന്ന് മന്ത്രിമാർ പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെ മാധ്യമങ്ങൾ ഒരു ഉത്തരവാദിത്വവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാർത്തകൾ ഏറ്റെടുത്ത് സമരം നടത്താനും വഴി സ്‌തംഭിപ്പിക്കാനും ആംബുലൻസ് തടയാനും കോൺഗ്രസിന്റെ മുൻമന്ത്രിയും എംഎൽഎമാരുമടക്കം രംഗത്തുവന്നു.
മന്ത്രി വീണാ ജോർജിന്റെ ചോരയ്‌ക്കായി ദാഹിക്കുന്ന മാധ്യമക്കൂട്ടങ്ങളോടും പ്രതിപക്ഷ നേതാക്കളോടും ഒന്നു പറയട്ടെ, ഇത്തരം ഭീഷണികൊണ്ടും സമരാഭാസംകൊണ്ടുമൊന്നും തകർക്കാനാകില്ല, എൽഡിഎഫ് സർക്കാരുകൾ പൊതുജനാരോഗ്യ മേഖലയിൽ ഒമ്പതു വർഷംകൊണ്ട് നേടിയ നേട്ടങ്ങളെ. ഒറ്റപ്പെട്ട സംഭവം മുൻനിർത്തി കേരളത്തിന്റെ വിശ്രുതമായ പൊതുജനാരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുകതന്നെ ചെയ്യും -എഡിറ്റോറിയലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

