വിഴിഞ്ഞം ഓഹരി കൈമാറ്റം എൽ.ഡി.എഫ് നേട്ടമല്ല; റിപ്പോർട്ട് തിരുത്തി ‘ദേശാഭിമാനി’
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നത് എൽ.ഡി.എഫ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമെന്ന് ഇന്നലെ അവകാശപ്പെട്ട സി.പി.എം മുഖപത്രം ‘ദേശാഭിമാനി’, ഇന്ന് ഓഹരി കൈമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.
വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നതെന്നും 13,000 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ യാഥാർഥ്യമാകുമെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്. ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, വാർത്ത വെബ്സൈറ്റിൽ നിന്ന് നീക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ആഗോള കപ്പൽ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി) സ്വന്തമാക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ്, ദേശാഭിമാനി അത് എൽ.ഡി.എഫ് നേട്ടമായി അവതരിപ്പിച്ച് ഒന്നാംപേജിൽ വാർത്ത നൽകിയത്.
കരാര്‍ ലംഘിച്ചാണ് വിഴിഞ്ഞത്തെ ഓഹരി കൈമാറ്റ നീക്കമെന്നും വില്‍പന യാഥാർഥ്യമായാല്‍ തുറമുഖം എം.എസ്.സി കമ്പനിയുടെ കുത്തകയായി മാറുമെന്നും ഇന്ന് ‘ദേശാഭിമാനി’ വിമര്‍ശിക്കുന്നു. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം വേണമെന്ന് സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് പിണറായി സംസാരിച്ചതും റിപ്പോര്‍ട്ടിലുണ്ട്.
വിദേശനിക്ഷേപം എൽ.ഡി.എഫ് നേട്ടമെന്ന ‘ദേശാഭിമാനി’ വാര്‍ത്തക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കും രംഗത്തുവന്നിരുന്നു. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്ന് ഐസക് വിമർശിച്ചു. ‘ദേശാഭിമാനി’ തെറ്റിദ്ധരിച്ചു, അവര്‍ തിരുത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാര്യങ്ങൾ ഒരു കമ്പനിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് മറ്റു കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതിന് തടസ്സമാകുമെന്നും വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്ന മൾട്ടി ഓപറേറ്റർ സംവിധാനമാണ് സംസ്ഥാനത്തിന് ലാഭകരമെന്നും നിയമസഭയിൽ പിണറായി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും തുറമുഖത്തിന്റെ കുത്തകവത്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു.
കുത്തക അധികാരം വരുന്നതോടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ നിശ്ചിത കമ്പനിയുടെ കണ്ടെയ്‌നറുകളിലും കപ്പലുകളിലും മാത്രമേ ചരക്ക് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന സാഹചര്യം വരും. അവർ നിശ്ചയിക്കുന്ന നിരക്കുകൾ അംഗീകരിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും.
കൺസഷണൽ എഗ്രിമെന്റ് പ്രകാരം വരുംവർഷങ്ങളിൽ സംസ്ഥാന സർക്കാറിന് തുറമുഖത്തിൽ നിന്ന് വരുമാന വിഹിതം ലഭിച്ചുതുടങ്ങേണ്ടതാണ്. എന്നാൽ, ഒരു കമ്പനിയുടെ കുത്തക വരുന്നത് വരുമാനക്കണക്കുകളിൽ കൃത്രിമം കാണിക്കാനും സർക്കാറിന് ലഭിക്കേണ്ട വിഹിതം കുറക്കാനും ഇടയാക്കും.
തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിലനിന്നാലേ നാടിന് നേട്ടമുണ്ടാകു. ഇത് കാരണമാണ് നിശ്ചയിച്ചതിനേക്കാൾ ഏറെമുമ്പേ തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എൽ.ഡി.എഫ് സർക്കാർ മുൻകയ്യെടുത്തത്. നിർമാണം വേഗം പൂർത്തിയായതാണ് ആഗോള ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകർഷിച്ചതും.
മറ്റ് ഷിപ്പിങ് കമ്പനികൾക്കുകൂടി തുറമുഖത്തിന്റെ സൗകര്യം ലഭിച്ചില്ലെങ്കിൽ മത്സരാധിഷ്ഠിത സാഹചര്യം ഇല്ലാതാകും. തുറമുഖത്തിന്റെ നേട്ടം ആരിലേക്ക് പോകുമെന്ന ആശങ്കയും ഉയരുന്നു.
13,220 കോടി രൂപയുടെ ഓഹരി കൈമാറുന്നത് ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനാണെന്നാണ് അദാനി പോർട്ടിന്റെ വാദം. വാർത്തകളിലൂടെയാണ് സർക്കാർ വിവരം അറിഞ്ഞത് എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്.
അതിനിടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി സർക്കാർ അനുമതി തേടിയതായി പിന്നീട് അദാനി ഗ്രൂപ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാറിന് അപേക്ഷ നൽകി. നിയമപരമായ ഓഹരി കൈമാറാൻ അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

