സൗന്ദര്യവർധക ചികിത്സ; ദന്തഡോക്ടർമാരുടെ അനുമതി ചോദ്യംചെയ്ത് ചർമരോഗ വിദഗ്ധർ
text_fieldsകൊച്ചി: സൗന്ദര്യവർധക ചികിത്സകൾ നടത്താൻ ദന്തഡോക്ടർമാർക്ക് അനുമതി നൽകിയതിനെതിരായ ചർമരോഗ വിദഗ്ധരുടെ ഹരജിയിൽ ഹൈകോടതി നോട്ടീസ്. തലമുടി വെച്ചുപിടിപ്പിക്കൽ, മുഖകാന്തി വർധിപ്പിക്കൽ തുടങ്ങിയ സങ്കീർണതയേറിയ നടപടികൾ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാർക്കും ചെയ്യാമെന്ന ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (ഡി.സി.ഐ) ഉത്തരവ് നിയമവിരുദ്ധമാണെന്നാരോപിച്ച് ഡോ. റുക്സാനയടക്കം നൽകിയ ഹരജികളാണ് ജസ്റ്റിസ് പി.എം. മനോജ് പരിഗണിച്ചത്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാർ, നാഷനൽ മെഡിക്കൽ കമീഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തുടങ്ങിയവയടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി.
ചർമത്തിൽ മുറിവുകളുണ്ടാക്കിയും കോശങ്ങൾ നീക്കിയും മറ്റും ചെയ്യുന്ന ശസ്ത്രക്രിയകൾ കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ ചെയ്യാവൂവെന്ന് നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) മാനദണ്ഡമുണ്ടെന്ന് ഹരജിയിൽ പറയുന്നു. പ്ലാസ്റ്റിക് സർജറിയിലോ ഡെർമറ്റോളജിയിലോ ഉന്നത ബിരുദമുള്ളവർക്ക് മാത്രമാണ് ഇതിനാവശ്യമായ പരിശീലനം ലഭിക്കുന്നത്. ദന്തഡോക്ടർമാരുടെ പഠനവിഷയങ്ങളിൽ ഇത്തരം ചികിത്സകൾ ഉൾപ്പെടുന്നില്ല. അതിനാൽ, മതിയായ യോഗ്യതയില്ലാത്തവർ ഇത്തരം ശസ്ത്രക്രിയ നടത്തുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കും. ഹരജി വീണ്ടും ഏപ്രിൽ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

