എന്റെ ശമ്പളം എന്തിനാ സർക്കാരിന് കൊടുക്കുന്നത്: സമരക്കാരെ നേരിട്ട് ഡെപ്യൂട്ടി തഹസീൽദാർ
text_fieldsപത്തനാപുരം:സർക്കാരിന്റെ കുറെ ആനുകൂല്യങ്ങൾ ഇനിയും കിട്ടാനുണ്ട്. പിന്നെ ഞാൻ എന്തിന് ഈ പണിമുടക്കിനെ പിന്തുണക്കണം? പത്തനാപുരം താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ജെ. ജോൺസന്റെ ചോദ്യത്തിന് മുന്നിൽ ഇടത് തൊഴിലാളി യൂണിയൻ പ്രവർത്തകർക്ക് ഉത്തരം മുട്ടി.
രാവിലെ പത്തരയോടെയാണ് താലൂക്ക് ഓഫീസിലേക്ക് ചില ഇടത് തൊഴിലാളി യൂണിയൻ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് എത്തിയത്. മൂന്ന് ജീവനക്കാർ താലൂക്ക് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നു. എന്നാൽ സമരക്കാർക്ക് മുന്നിലെത്തിയ ഡെപ്യൂട്ടി തഹസീൽദാർ ജോൺസന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർക്കായില്ല.
‘സംസ്ഥാന സർക്കാരിന്റെ കുറെ ആനുകൂല്യങ്ങൾ ഇനിയും കിട്ടാനുണ്ട്. ഇന്നത്തെ പണിമുടക്ക് എന്നെ പോലുള്ളവർക്ക് വേണ്ടിയല്ല. നിങ്ങൾ അതിനു വേണ്ടി സമരം ചെയ്യുമോ? കൂടാതെ സർക്കാർ ഡയസ്നോണും പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ ഞാൻ എന്തിന് ഈ പണിമുടക്കിനെ പിന്തുണക്കണം?. എന്റെ മൂവായിരം രൂപ സർക്കാരിന് നൽകാൻ ഞാനില്ല. എനിക്ക് മൂവായിരം രൂപയുണ്ടേൽ എന്തൊക്കെ കാര്യം നടക്കും? ജോലിക്കെത്തിയവരെ ഇറക്കി വിടാൻ വന്ന സമരക്കാർക്ക് ഉത്തരം മുട്ടി.
സർ ജോലി ചെയ്തോ ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞ് പണിമുടക്കിന്റെ പേരിൽ എത്തിയ പാർട്ടി പ്രവർത്തകർ പിരിഞ്ഞുപോയി. ജോൺസൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർ ആണ് താലൂക്ക് ഓഫിസിൽ ജോലിക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

