‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു...’; പിണറായിക്കെതിരെ പി.പി. സുനീർ
text_fieldsകാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എൽ.ഡി.എഫിൽ തർക്കം പുകയുന്നു. വിഷയത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് സി.പി.ഐ ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവി പിണറായി വിജയൻ ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ലെന്നും മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി പറഞ്ഞത് പാർട്ടി നിലപാടാണോ എന്ന് സി.പി.എം വ്യക്തമാക്കണം. സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ഈ ഗതി ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം. ശ്രീ പദ്ധതി അടക്കമുള്ള വിവിധ വിഷയങ്ങളിൽ സി.പി.ഐ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് സുനീർ ചൂണ്ടിക്കാട്ടി.
പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പാർട്ടി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നതെന്നും ഇതൊരു മുന്നണിയാണെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറഞ്ഞത്. ഇടതുപക്ഷ സമീപനം മുന്നണിക്കകത്തും പുറത്തും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. രാജൻ എം.എൽ.എ.യും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.ഐയിൽ ഭിന്നസ്വരമുയർന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും ബജറ്റ് അവതരിപ്പിച്ചിട്ടും ഇതുവരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ മുന്നണിയുടെ നിലപാടുകളിൽ മാറ്റം വേണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

