ഡെപ്യൂട്ടി കലക്ടർമാർക്ക് സ്ഥലംമാറ്റം; ജംപോ പട്ടിക ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിൽ പുതിയ ഉത്തരവ്
text_fieldsകോഴിക്കോട്: ഭരണമാറ്റത്തിനുപിന്നാലെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവുമായി 118 ഡെപ്യൂട്ടി കലക്ടർമാർക്ക് നിയമന ഉത്തരവ്. അടുത്തകാലത്തൊന്നും കേട്ടുകേൾവിയില്ലാത്തവിധമാണ് ഇത്രയുമധികം ഡെപ്യൂട്ടി കലക്ടർമാർക്ക് ഒരുമിച്ച് സ്ഥലംമാറ്റം. 19 സീനിയർ തഹസിൽദാർമാർക്ക് ഡെപ്യൂട്ടി കലക്ടർമാരായി പ്രമോഷൻ നൽകിയതുൾപ്പെടെയാണ് 119 ഡെപ്യൂട്ടി കലക്ടർമാരുടെ സ്ഥലംമാറ്റ നിയമന ഉത്തരവ്. ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനുള്ളിൽ മൂന്നു ആർ.ഡി.ഒമാർക്ക് സ്ഥാനക്കയറ്റം നൽകിയതുൾപ്പെടെ 19 ഡെപ്യൂട്ടി കലക്ടർമാർക്ക് സ്ഥലംമാറ്റ ഉത്തരവ് പുതുക്കിയിറക്കി.
സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അമർഷം രൂപപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് പുതുക്കിയതെന്ന് ആരോപണമുണ്ടെങ്കിലും ഭരണസൗകര്യാർഥമാണ് ഉത്തരവ് പുതുക്കിയതെന്നാണ് സർക്കാർ ഭാഷ്യം. ചെങ്ങന്നൂർ, തളിപ്പറമ്പ്, വടകര എന്നിവിടങ്ങളിലെ ആർ.ഡി.ഒമാർക്കാണ് സീറ്റിലിരിക്കുന്നതിന് മുമ്പു വീണ്ടും സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് കാരണം ജില്ല മാറ്റി നിയമിച്ച ഡെപ്യൂട്ടി കലക്ടർമാരുടെ പുനർവിന്യാസവും മേയ് 31ന് വിരമിച്ചവരുടെയും ഒഴിവുകൾ നികത്തിയുമുള്ള ഉത്തരവാണ് ഇറങ്ങിയത്.
ഏറ്റവും കൂടുതൽ ഡെപ്യൂട്ടി കലക്ടർമാരെ തിരുവനന്തപുരം ജില്ലയിലാണ് സ്ഥലംമാറ്റി നിയമിച്ചത്. 17 പേരാണ് വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെത്തിയത്. എറണാകുളത്തും ആലപ്പുഴയിലും ഒമ്പതുപേരും തൃശൂർ മലപ്പുറം എന്നിവിടങ്ങളിൽ ഏഴുപേരും സ്ഥലംമാറി എത്തി.
പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും കോഴിക്കോടും ആറ് ഡെപ്യൂട്ടി കലക്ടർമാർ സ്ഥലംമാറിയും പ്രമോഷനായും എത്തി. ഭരണാനുകൂല സംഘടനയിൽപെട്ടവർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഇരുത്താനാണ് ഇത്രയധികം സ്ഥലംമാറ്റമെന്ന ആക്ഷേപം ഉയർന്നു. തഹസിൽദാർമാരുടെ സ്ഥാനക്കയറ്റ ഉത്തരവും സ്ഥലംമാറ്റ ഉത്തരവും ഉടൻ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

