വി.എസിനെ മുസ്‍ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവില്ല; കുറിപ്പുമായി മാധ്യമപ്രവർത്തകൻ
text_fieldsകോഴിക്കോട്: വിയോജിപ്പുകളുണ്ടെങ്കിലും വി.എസിനെ മുസ്‍ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്ത കാര്യമാണെന്ന് മാധ്യമപ്രവർത്തകൻ എം.സി.എ നാസർ. മുമ്പ് മാധ്യമം പത്രത്തിന്റെ ഡൽഹി റിപ്പോർട്ടറും ഇപ്പോൾ മീഡിയ വൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ആൻറ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മേധാവിയുമായ എം.സി.എ നാസർ താൻ മുമ്പ് നടത്തിയ വി.എസിന്റെ ഒരു അഭിമുഖത്തെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. അഭിമുഖത്തിലെ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി.എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് നീതികരിക്കാവുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എം.സി.എ നാസറിന്റെ കുറിപ്പിന്റെ പൂർണരൂപം
2010 July 24.
ആ ദിവസം മറക്കില്ല.
ഡൽഹിയിൽ “മാധ്യമ” ത്തിന്റെ റിപ്പോർട്ടറാണ് ഞാൻ.
വൈകീട്ട് ദൽഹി കേരള ഹൗസിൽ ആയിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാർത്താ സമ്മേളനം. തൊട്ടടുത്തുള്ള റാഫി മാർഗിലെ ഐ എൻ എസ് ബിൽഡിങ്ങിൽ നിന്ന് നേരത്തെ തന്നെ അവിടെയെത്തി.
വളരെ ഉന്മേഷഭരിതനായാണ് വി എസ് വന്നുകയറിയത്.
ദൽഹിയിൽ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും ആദ്യം പങ്കുവച്ചു.
തുടർന്ന് ചോദ്യങ്ങൾക്കുള്ള സമയം.
ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യദിനത്തിന് കേരളത്തിൽ എൻ. ഡി എഫ് പ്രഖ്യാപിച്ച പരേഡും അതിനെതിരായ ചില പ്രതികരണങ്ങളും അന്ന് വലിയ വാർത്തയായിരുന്നു.
അത് മുൻനിർത്തിയാണ് വി എസിനോട് ഞാൻ ചോദ്യം ചോദിച്ചത്.
എൻ ഡി എഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്ത പരാമർശിച്ചു കൊണ്ടു തന്നെയായിരുന്നു എന്റെ ചോദ്യം. എൻ ഡി എഫ് പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടാണ് വി എസ് അന്ന് അതിന് മറുപടി നൽകിയതും. വളരെ വിശദമായി വി എസ് ആ ചോദ്യത്തോട് പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള സംഘ് താൽപ്പര്യമുള്ള ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾ കൂടി ചേർത്തായിരിക്കണം വി എസ് വിശദ മറുപടി പറഞ്ഞത്.
ഒരു പക്ഷെ, ആ മറുപടി സംഘ് പരിവാർ മറ്റു വിധത്തിൽ ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ ഓഫീസിലേക്ക് മടങ്ങുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നു. പേടിച്ചത് തന്നെ സംഭവിച്ചു.
വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി എസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി.
വി എസിനോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷെ, ആ വാർത്താ സമ്മേളനത്തിൽ എൻ ഡി എഫിനെ കുറിച്ച എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് വി എസിനെ തികഞ്ഞ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും
നീതീകരിക്കാനാകില്ല.
എം സി എ നാസർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

