ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായി, ഒപ്പം അടിപിടിക്കേസിൽ പ്രതിയും; പൊലീസ് അസോസിയേഷൻ ഭാരവാഹിക്കെതിരെ വകുപ്പുതല അന്വേഷണം
text_fieldsകോട്ടയം: ചട്ടങ്ങൾ ലംഘിച്ച് ജമാഅത്ത് ഭാരവാഹിയാകുകയും ആ കമ്മിറ്റി യോഗത്തിനിടെയുണ്ടായ അടിപിടികേസിൽ പ്രതിയാകുകയും ചെയ്ത പൊലീസ് അസോസിയേഷൻ ഭാരവാഹിക്കെതിരെ വകുപ്പുതല അച്ചടക്കനടപടി.
ടെലികമ്യൂനിക്കേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനും കേരള പൊലീസ് അസോസിയേഷൻ ടെലികമ്യൂനിക്കേഷൻ വിഭാഗം സെക്രട്ടറിയുമായ ടി. അനീസിനെതിരെയാണ് അന്വേഷണത്തിന് സൈബർ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി. ജെ. ഹിമേന്ദ്രനാഥ് ഉത്തരവിട്ടിട്ടുള്ളത്.
കൊല്ലം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണറിപ്പോർട്ടിന്‍റെയും ജില്ലാപൊലീസ് മേധാവിയുടെ കത്തിന്‍റെയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ടി. അനീസ് പ്രഥമദൃഷ്ട്യ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ടെന്ന് എസ്.പിയുടെ ഉത്തരവിലുണ്ട്.
അനീസിനെതിരായ ആരോപണങ്ങളെക്കുറിച്ച് ഡി.വൈ.എസ്.പിതല വാക്കാലന്വേഷണം നടത്തി 15 ദിവസത്തിനകം കുറ്റാരോപണ മെമ്മോയുടെ പകർപ്പ് അംഗീകാരത്തിനായി സമർപ്പിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി വിചാരണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൊലീസ് ടെലികമ്യൂനിക്കേഷൻ ആന്‍റ് ടെക്നോളജി എറണാകുളം റൂറൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ടി. അനീസിൽ നിന്നും ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവുമുണ്ടായെന്നും ഇത് പൊലീസിന്‍റെ സൽപേരിന് പൊതുജനങ്ങൾക്കിടയിൽ കളങ്കമുണ്ടാക്കിയതായി തെളിഞ്ഞെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ടെലികമ്യൂനിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യവെ അനീസ് 2024 മെയ് 11 ന് കരുനാഗപ്പള്ളി തേവലക്കര ഷെരീഫുൾ ഇസ്ലാം ജമാഅത്തിലേക്ക് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്തു. കഴിഞ്ഞ ജൂൺ 13 ന് ജമാഅത്ത് കൗൺസിൽ ഭാരവാഹികളുടെ യോഗത്തിനിടെ അംഗങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയും ജലീലെന്ന ആളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് തെക്കുംഭാഗം പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതായും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവാദപ്പെട്ട ഒരു സർക്കാർ ഓഫീസറോ സമൂഹത്തിന് മാതൃകയാകേണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥനോ ഏതെങ്കിലും ഒരു സമുദായത്തിന്‍റെയോ മതസംഘടനയുടേയോ ഔദ്യോഗിക ഭാരവാഹിയാകാൻ പാടില്ലെന്ന ചട്ടംലംഘിച്ചെന്നും അനീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

