ഡയറ്റ് ലെക്ചറർ: സ്ഥിരപ്പെടുത്തലിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ (ഡയറ്റ്) ഡെപ്യൂട്ടേഷനിലെത്തിയ 89 പേരെ ലെക്ചറർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. സ്കൂൾ അധ്യാപക തസ്തികയിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഭരണാനുകൂല സംഘടന നേതാക്കളെയും സി.പി.എം ബന്ധുക്കളെയും ലെക്ചറർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ സർക്കാർ രഹസ്യനീക്കം നടത്തുന്നതിനിടെയാണ് ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് ഡയറക്ടർ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
ഡെപ്യൂട്ടേഷനിലെത്തിയവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള സാധ്യത വ്യക്തമാക്കി വിശദ പ്രപ്പോസൽ സമർപ്പിക്കാൻ നേരത്തേ ഡയറക്ടറോട് സർക്കാർ നിർദേശിച്ചിരുന്നു. ഡെപ്യൂട്ടേഷൻ നിയമനം ഒരു വർഷമോ വിശേഷാൽ ചട്ടപ്രകാരം സ്ഥിരം നിയമനം നടക്കുന്നതു വരെയോ ആയിരിക്കുമെന്ന് വ്യവസ്ഥയുള്ളതിനാൽ ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, വിശേഷാൽ ചട്ടപ്രകാരം 50 ശതമാനം ലെക്ചറർ തസ്തികയിലെ ഒഴിവുകൾ സർക്കാർ സ്കൂൾ അധ്യാപകരിൽനിന്ന് ബൈ ട്രാൻസ്ഫറിലൂടെ പി.എസ്.സി വഴിയാണ് നികത്തേണ്ടത്. പി.എസ്.സി അപേക്ഷ ക്ഷണിക്കുമ്പോൾ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരുന്ന അധ്യാപകർക്ക് അപേക്ഷിക്കാവുന്നതും സ്ഥിരം നിയമനം നേടാവുന്നതുമാണ്. ലെക്ചറർ തസ്തികയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന 89 പേർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആകെ 284 തസ്തികയിൽനിന്ന് 89 ഒഴിവാക്കി 195 എണ്ണം പുതിയ സ്പെഷൽ റൂൾ പ്രകാരം നിയമനത്തിന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവർ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ സർക്കാറിൽ നടത്തിയ സമ്മർദത്തിന്റെ ഭാഗമായാണ് ഇതിന്റെ സാധ്യത തേടി സർക്കാർ ഡയറക്ടറോട് റിപ്പോർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

