വകുപ്പ് സംയോജനം പൂർണമായി; ഏകീകൃത തദ്ദേശ സ്റ്റേറ്റ് സർവിസ് ചട്ടത്തിന് അംഗീകാരം
text_fieldsതിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്റ്റേറ്റ് സർവിസിന്റെ ഭാഗമായി തദ്ദേശ സ്റ്റേറ്റ് സർവിസിന്റെയും സബോർഡിനേറ്റ് സർവിസിന്റെയും കരട് വിശേഷാൽ ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതിയും നൽകി. ജില്ല തലത്തിൽ വകുപ്പ് മേധാവികളെ നിയമിക്കാൻ ഏഴ് ജോയന്റ് ഡയറക്ടർ തസ്തിക സൃഷ്ടിക്കും. ചട്ടങ്ങൾ അംഗീകരിച്ചതോടെ, വകുപ്പ് സംയോജനം സമ്പൂർണമായി.
സംസ്ഥാന ഡയറക്ടറേറ്റിൽ ഒരു അഡീഷനൽ ഡയറക്ടറുടെ തസ്തിക നഗരകാര്യ വിഭാഗത്തിൽ സൃഷ്ടിക്കും. നിലവിൽ നഗരകാര്യവകുപ്പിൽ ഈ തസ്തിക ഇല്ല. വിവിധ വകുപ്പുകൾ ഏകീകരിക്കുമ്പോൾ ചില സ്കെയിലുകൾ റെഗുലർ സ്കെയിലുമായി പൊരുത്തപ്പെടാത്തതിനാൽ അവ ഏകീകരിച്ചു. ഈ സ്കെയിലുകൾ തൊട്ടുമുകളിലെ ശമ്പളസ്കെയിലിലേക്കാണ് അപ്ഗ്രേഡ് ചെയ്തത്. സ്റ്റേറ്റ് സർവിസിലെ 10 തസ്തികകൾക്കും സബോർഡിനേറ്റ് സർവിസിലെ മൂന്ന് തസ്തികകൾക്കുമാണ് അപ്ഗ്രഡേഷൻ ആവശ്യമായി വന്നത്.
കോർപറേഷൻ സെക്രട്ടറി തസ്തികയും കോർപറേഷൻ അഡീഷനൽ സെക്രട്ടറി തസ്തികയും ജോയന്റ് ഡയറക്ടർ തസ്തികയായി അപ്ഗ്രേഡ് ചെയ്യും. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 1 തസ്തിക ഡെപ്യൂട്ടി ഡെവലപ്മെൻറ് കമീഷണർക്ക് തുല്യമായി ഡെപ്യൂട്ടി ഡയറക്ടറായും ഗ്രേഡ് 3 തസ്തിക സീനിയർ സെക്രട്ടറിയായും അപ്ഗ്രേഡ് ചെയ്യും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക ഡെപ്യൂട്ടി ഡെവലപ്മെൻറ് തസ്തികക്ക് തുല്യമായി ഏകീകൃത വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാകും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്സ് ഓഫിസർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എന്നീ തസ്തികകൾ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമീഷണർ തസ്തികക്ക് തുല്യമായി അസിസ്റ്റന്റ് ഡയറക്ടർ തസ്തികയാക്കും. സബോർഡിനേറ്റ് സർവിസിലെ ഹെൽത്ത് സൂപ്പർവൈസർ തസ്തിക ക്ലീൻ സിറ്റി മാനേജർ എന്ന പേരിലും കാമ്പയിൻ ഓഫിസർ തസ്തിക സ്റ്റേറ്റ് കമ്യൂണിക്കേഷൻ ഓഫിസർ എന്ന പേരിലും മാറ്റി ഗ്രേഡ് ഉയർത്തും.
പഞ്ചായത്ത് വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 തസ്തിക നഗരകാര്യ വകുപ്പിലെ ഗ്രേഡ് 1 തസ്തികക്ക് തുല്യമായി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എന്ന പേരിൽ ഉയർത്തും. ജില്ല പഞ്ചായത്ത് സെക്രട്ടറി ജോയന്റ് ഡയറക്ടർ തസ്തികക്ക് തുല്യമാക്കി ഉയർത്തുകയും തദ്ദേശവകുപ്പിന്റെ കേഡർ തസ്തികയാക്കി മാറ്റുകയും ചെയ്യും.
പഞ്ചായത്ത് വകുപ്പിലെ 66 പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികകൾ അസിസ്റ്റന്റ് ഡയറക്ടർ തസ്തികക്ക് തുല്യമാക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തലത്തിലെ ഏറ്റവും സീനിയറായ 66 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്. ഇവരുൾപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സംവിധാനത്തെ ആഭ്യന്തര വിജിലൻസ് സംവിധാനമാക്കി മാറ്റി ഇന്റേണൽ വിജിലൻസ് ഓഫിസറായി വിന്യസിക്കും.
കഴിഞ്ഞ ഫെബ്രുവരി 19നാണ് ഏകീകൃത തദ്ദേശ വകുപ്പ് ഉദ്ഘാടനം ചെയ്തത്. നിയമഭേദഗതിക്കായി ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന-ജില്ല തലത്തിൽ ഓഫിസ് സംവിധാനങ്ങളും ഫെബ്രുവരി മുതൽ നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

