മഅ്ദനിക്ക് ചികിത്സ നിഷേധിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനം -വി.ഡി.സതീശൻ
text_fieldsകൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനി നേരിടുന്ന നീതി നിഷേധം കേവലം വ്യക്തിപരമായ വിഷയമല്ലെന്നും രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും ബാധിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. വിഷയത്തില്‍ കേരളത്തിന്റെ ഏകാഭിപ്രായം രൂപപ്പെടുത്താനും നീതി ഉറപ്പാക്കാനും നടന്നുവരുന്ന നിയമസഭ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ ജീവന് രക്ഷിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ ഹൈകോടതി ജങ്ഷനില്‍ നടന്ന രാപ്പകല്‍ സമരത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിചാരണത്തടവ് അനന്തമായി നീളുന്നത് നിയമ വ്യവസ്ഥിതിയുടെ പോരായ്മയാണ്. രോഗത്തിന് ചികിത്സ എന്നത് വ്യക്തിയുടെ അവകാശമാണ്. അത് കുറ്റവാളികള്‍ക്കുപോലും ലഭ്യമാക്കേണ്ടതാണ്. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന കെട്ടകാലത്ത് അല്പമെങ്കിലും പ്രതീക്ഷയുള്ളത് കോടതികളിലാണ്. എല്ലാവരും പരമോന്നത കോടതിയില്‍ കണ്ണുനട്ടിരിക്കുകയാണ് മഅ്ദനിയുടെ കാര്യത്തിലുള്ള തീരുമാനമറിയാന്‍. 13 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന ആള്‍ക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയിട്ട് പോലും ചികിത്സ ലഭ്യമാക്കാത്തത് കടുത്ത നീതി നിഷേധമാണ്. ഇത് മഅ്ദനിക്ക് വേണ്ടി മാത്രമല്ല. നമ്മുടെ നാടിന്റെ പൊതുപ്രശ്നമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ഹൈബി ഈഡന് എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, എ.ഐ.സി.സി അംഗം സിമി റോസ്ബെല്‍ ജോണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി, സി.ആര്. നീലകണ്ഠന്, ഗോമതി, മഅ്ദനിയുടെ മകന് സലാഹുദ്ദീന് അയ്യൂബി, ഫോറം ജനറല്‍ കണ്‍വീനര്‍ ടി.എ. മുജീബ്റഹ്മാന്‍, വി.എം. സുലൈമാന്‍ മൗലവി, ടി.കെ. അബ്ദുല്‍ അസീസ്, എം.വി. ലോറന്‍സ്, കെ.എം.എ. ജലീല്‍, നിപുണ്‍ ചെറിയാന്, മുഹമ്മദ് അസ്ലം മൗലവി, സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എം. നാസര്‍, അഷറഫ് വാഴക്കാല, ജമാല്‍ കുഞ്ഞുണ്ണിക്കര, ഇബ്രാഹീംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മന്ത്രി എസ്. ശര്‍മ, പ്രഫ. അരവിന്ദാക്ഷന്, അന്‍വര്‍ സാദത്ത് എം.എല്‍.എ, മാധ്യമ പ്രവര്ത്തകന് എന്‍. മാധവന് കുട്ടിതുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ 11ന് അവസാനിച്ചു.