അധ്യാപികയെ തരംതാഴ്ത്തൽ; പ്രിൻസിപ്പൽ സെക്രട്ടറി ഡയറക്ടറുടെ റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: എ.ഇ.ഒ തസ്തികയിലുള്ളയാൾക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നൽകാൻ അധ്യാപികയെ തരംതാഴ്ത്തിയ നടപടിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. ഡയറക്ടറുടെ നടപടി വിവാദമായതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് റിപ്പോർട്ട് തേടിയത്.
ഹയർസെക്കൻഡറി സീനിയർ അധ്യാപക തസ്തകിയിൽനിന്ന് ജൂനിയർ തസ്തികയിലേക്ക് തരംതാഴ്ത്തലിന് വിധേയയായ അധ്യാപിക നിഷ ലൂക്കോസ് തിങ്കളാഴ്ച പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ടിരുന്നു. പ്രശ്നം പരിഹരിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അധ്യാപികക്ക് ഉറപ്പുനൽകി.
നടപടിയിൽ നിയമലംഘനമോ നീതിനിഷേധമോ ഉണ്ടായെങ്കിൽ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. എ.ഇ.ഒ തസ്തികയിലുണ്ടായിരുന്ന പി. രവീന്ദ്രന് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നൽകാനാണ് രണ്ടു മാസം മുമ്പ് എച്ച്.എസ്.എസ്.ടി സീനിയർ തസ്തികയിൽ ബൈട്രാൻസ്ഫർ രീതിയിൽ നിയമിച്ച നിഷ ലൂക്കോസിനെ ജൂനിയർ തസ്തികയിലേക്ക് തരംതാഴ്ത്തിയത്.
എ.ഇ.ഒ തസ്തികയിൽനിന്ന് പ്രിൻസിപ്പലാകുന്ന രവീന്ദ്രന് ഹയർസെക്കൻഡറിയിൽ പഠിപ്പിക്കേണ്ട വിഷയം സോഷ്യോളജിയാണെന്ന കാരണം നിരത്തിയാണ് സോഷ്യോളജി അധ്യാപികയായ നിഷയെ തരംതാഴ്ത്തിയത്.

