ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളികളിലൂടെ പകര്‍ന്ന് പ്രദര്‍ശനം
text_fieldsതിരുവനന്തപുരം: കളികളിലൂടെയും സമ്മാനങ്ങളിലൂടെയും ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ പ്രദര്‍ശനം. കേരളീയത്തിന്റെ ഭാഗമായി 'സുരക്ഷായാനം, സുരക്ഷിത കേരളത്തിനായി' എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലാണ് കളികള്‍വഴി ദുരന്ത സാക്ഷരതാപാഠങ്ങള്‍ പകരുന്നത്. വെള്ളയമ്പലത്തെ അതോറിറ്റിയുടെ കെട്ടിടത്തില്‍ മൂന്നു നിലകളിലായാണ് പ്രദര്‍ശനം.
കുട്ടികള്‍ മുഖേന ദുരന്തസാക്ഷരത വീടുകളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചാണിത്. ഏഴു കളികള്‍ ഒരുക്കിയിട്ടുണ്ട്. 20 സെക്കന്റ് സമയത്തിനുള്ളില്‍ എമര്‍ജന്‍സി കിറ്റ് നിറക്കല്‍, സേഫ് സോണ്‍ ആയ പച്ച നിറത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്യല്‍, ചേരുംപടി ചേര്‍ക്കല്‍ തുടങ്ങിയ രസകരമായ കളികള്‍ വഴി ദുരന്തവേളയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി കുട്ടികളില്‍ എത്തുന്ന തരത്തിലാണ് കളികള്‍ ഒരുക്കിയിരിക്കുന്നത്. കളി ജയിച്ചാല്‍ അപ്പോള്‍ തന്നെ ചോക്ലേറ്റ് ആയും സ്മൈലി ബോള്‍ ആയും പേന ആയുമൊക്ക സമ്മാനം ഉറപ്പ്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളാണ് വിശദീകരിക്കുന്നത്. ദുരന്തസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന വിധം മുതല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വരെ വിശദീകരിച്ചു നല്‍കുന്നുണ്ട് ഇവിടെ. ഒന്നാം നിലയില്‍ ജലസുരക്ഷയെക്കുറിച്ച് ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള 'നീരറിവ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ട്. ദിവസവും ശരാശരി 250 കുട്ടികളും അത്ര തന്നെ മുതിര്‍ന്നവരും കെ.എസ്.ഡി.എം.എയുടെ പ്രദര്‍ശനം സന്ദര്‍ശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

