Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ​ന​മൈ​ത്രീ​ഭാ​വം,...

ജ​ന​മൈ​ത്രീ​ഭാ​വം, പുരോഗതി

text_fields
bookmark_border
ജ​ന​മൈ​ത്രീ​ഭാ​വം, പുരോഗതി
cancel
camera_alt

കോടിയേരി ബാലകൃഷ്ണൻ മട്ടാഞ്ചേരി ടൂറിസം പൊലീസ് സ്റ്റേഷനിൽ (ഫയൽ ചിത്രം)

ആഭ്യന്തര-ടൂറിസം മന്ത്രിയെന്ന നിലയിൽ കേരളത്തിൽ ഒട്ടേറെ നൂതന പദ്ധതികൾ കൊണ്ടുവരാൻ കോടിയേരി ബാലകൃഷ്ണന് സാധിച്ചു. ജനമൈത്രി പൊലീസ്, സ്റ്റുഡന്‍റ് പൊലീസ്, പൊലീസുകാർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി, വർഷങ്ങളായി മുടങ്ങിക്കിടന്ന പൊലീസുകാരുടെ സ്ഥാനക്കയറ്റം, ജയിലുകളുടെ പരിഷ്കരണം, ജയിൽ ഭക്ഷണത്തിലെ മാറ്റം, ജയിൽ ഭക്ഷണം പൊതുജനങ്ങൾക്കും ലഭ്യമാക്കൽ, ഉത്തരവാദിത്ത ടൂറിസം, ഹെറിറ്റേജ് ടൂറിസം, ടൂറിസം കേന്ദ്രങ്ങളുടെ വികസനം... അങ്ങനെ പോകുന്നു അഞ്ച് വർഷം കൊണ്ട് മന്ത്രിയെന്ന നിലയിലുള്ള കോടിയേരിയുടെ നേട്ടങ്ങൾ.

പൊലീസ് എന്ന് കേട്ടാൽ ജനം ഭയന്നിരുന്ന കാലത്ത് ജനങ്ങളെയും പൊലീസിനെയും തമ്മിൽ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ജനമൈത്രി പൊലീസ് സംവിധാനം. 2008 മാർച്ച് മാസത്തിലാണ് ഇത് നടപ്പാക്കിയത്. പൊലീസിന് ജനകീയ മുഖം നൽകുന്നതിൽ കോടിയേരിയുടെ കാലത്ത് നടപ്പാക്കിയ ഈ പദ്ധതിക്ക് നിർണായക പ്രാധാന്യമാണുള്ളത്.

നിയമബോധവും പൗര ബോധവുമുള്ള പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സംവിധാനവും കേരളത്തിൽ കൊണ്ടുവന്നത് 2010ൽ കോടിയേരിയുടെ കാലഘട്ടത്തിലായിരുന്നു. 2010 ആഗസ്‌റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11,176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതി ഇന്ന് ആയിരത്തിൽപരം സ്കൂളുകളിലേക്കാണ് വ്യാപിപ്പിച്ചിട്ടുള്ളത്. 2010 മുതൽ ഇന്ന് വരെ രണ്ടര ലക്ഷം കേഡറ്റുകളാണ് ഈ പരിശീലനം പൂർത്തിയാക്കിയത്.

പൊലീസ് സേനയിലെ വർഷങ്ങളായി നിലനിന്ന പ്രശ്നങ്ങളായിരുന്നു സ്ഥാനക്കയറ്റം, എട്ട് മണിക്കൂർ തുടങ്ങിയ കാര്യങ്ങൾ. നിശ്ചിത കാലഘട്ടം പൂർത്തിയാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമാനുസരണമുള്ള സ്ഥാനക്കയറ്റം നടപ്പാക്കിയതും പൊലീസ് ഉദ്യോഗസ്ഥർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി സംവിധാനം കൃത്യമായി നടപ്പാക്കിയതും കോടിയേരി മന്ത്രിയായിരുന്ന കാലത്തായിരുന്നു.

കോടിയേരി ബാലകൃഷ്ണൻ ജയിൽ വകുപ്പിന്‍റെ ചുമതല കൂടി നിർവഹിച്ചിരുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ജയിലുകളിലെ സൗകര്യങ്ങൾ മെച്ചപ്പെട്ടത്. സംസ്ഥാനത്തെ ജയിലുകൾ കൃത്യമായി സന്ദർശിച്ച് അദ്ദേഹം പ്രശ്നങ്ങൾ മനസ്സിലാക്കി. തടവുകാർ ജയിലുകളിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും ഉപയോഗിക്കുന്നെന്ന ആക്ഷേപം ഉയർന്നതിനാൽ നിരന്തരം ജയിലുകളിൽ പരിശോധന ഉൾപ്പെടെ നടന്നു. ജയിലുകളിൽ 'ഗോതമ്പുണ്ട' യാണെന്ന ആക്ഷേപം ഉയർന്ന ആ കാലഘട്ടത്തിൽ തടവുകാരുടെ ഭക്ഷണമെനുവിൽ കാര്യമായ മാറ്റം വരുത്തിയതും അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു.

ജയിൽ ചപ്പാത്തി ഉൾപ്പെടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തുടങ്ങിയതും ഈ കാലഘട്ടത്തിലായിരുന്നു. കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും മന്ത്രിയെന്ന നിലയിൽ കോടിയേരി ഒട്ടേറെ സംഭാവനകളാണ് നൽകിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യവത്കരണം, ഉത്തരവാദിത്ത, ഹെറിറ്റേജ് ടൂറിസം പദ്ധതികൾ, ഹോംസ്റ്റേ സംവിധാനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ കാലത്താണ് കേരളത്തിൽ സജീവമായത്. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികളും ടൂറിസം മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചുള്ള കൺവെൻഷനുകൾ എല്ലാം നടന്നത് ഈ കാലഘട്ടത്തിലായിരുന്നു.

അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിജിലൻസിനെ പര്യാപ്തമാക്കിയതിലും കോടിയേരിയുടെ പങ്ക് വലുതാണ്. എന്നാൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തിൽ കളങ്കമുണ്ടാക്കിയ ബീമാപള്ളി വെടിവെപ്പ്, മുത്തൂറ്റ് പോൾ വധവുമായി ബന്ധപ്പെട്ട വിവാദം, ടോട്ടൽ ഫോർ യു തട്ടിപ്പ് എന്നിവയെല്ലാം പൊലീസിന്‍റെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയിൽ കോടിയേരിയേയും വിമർശനത്തിന് പാത്രമാക്കി. പൊലീസിന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റേതെന്ന് സേനാംഗങ്ങൾ ഇപ്പോഴും സ്മരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan passed away
News Summary - Democracy and progress
Next Story