
ബലാത്സംഗ കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന്; എ.എസ്.ഐക്ക് സ്ഥലംമാറ്റം
text_fieldsകൊച്ചി: ബലാത്സംഗ കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ പൊലീസുകാരനെതിെര നടപടി. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐയെ ജില്ല സായുധസേന ക്യാമ്പിലേക്ക് സ്ഥലംമാറ്റി. ഇയാൾക്കെതിരെ സ്പെഷല്‍ ബ്രാഞ്ചിെൻറ വിശദ അന്വേഷണം നടക്കുകയാണ്. ഇയാൾക്കെതിരായ മറ്റു ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിൽനിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ സഹോദരന്മാരാണ് കുറ്റക്കാരെന്ന് വരുത്തിത്തീർത്തതായാണ് എ.എസ്.ഐക്കെതിരായ ആരോപണം. ഹിന്ദി മാത്രം അറിയാവുന്ന ആൺമക്കളെ സഹോദരിമാരെ ബലാത്സംഗം ചെയ്തെന്ന കുറ്റം മലയാളത്തിൽ എഴുതി പൊലീസ് ഒപ്പിടീപ്പിച്ചുവാങ്ങിയെന്നാണ് മാതാപിതാക്കൾ പറയുന്നത്.
ഡൽഹിയിലേക്ക് കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ടുപേരെ ഡൽഹി പൊലീസ് പിടികൂടിയിരുന്നെങ്കിലും ഇവരിലൊരാളെ ഒഴിവാക്കി ഒരാളെ മാത്രമാണ് നോർത്ത് പൊലീസ് കൊച്ചിയിലെത്തിച്ചത്. പിന്നാലെ പെൺകുട്ടികളുടെ സഹോദരന്മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡല്‍ഹി സ്വദേശികളായ കുടുംബത്തിലെ മക്കളെയാകെ കേസില്‍ കുടുക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതിയും ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെ, ആലുവ കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടികളെ കാണാൻ മാതാവിന് അധികൃതർ അവസരം നൽകി.