ഗാന്ധിജിയെ കൊന്ന ആർ.എസ്.എസിൽ പ്രവർത്തിക്കരുതെന്ന് ആവശ്യം; ജില്ലാ സംഘചാലകിന്‍റെ വീടിനു നേരെ പട്ടാപ്പകൽ ആക്രമണം
text_fieldsപന്തളം: ആർ.എസ്.എസ് ജില്ലാ സംഘചാലകിന്‍റെ വീടിനു നേരെ പട്ടാപ്പകൽ ആക്രമണം. ആർ.എസ്.എസ്. ജില്ലാ സംഘചാലക്കും കേന്ദ്ര ഗവൺമെന്‍റ് നോട്ടറിയുമായ അഡ്വ. മാലക്കര ശശിയുടെ കടയ്ക്കാട് തട്ടാരേത്ത് വീട്ടിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ അയൽവാസിയായ മാനസികവിഭ്രാന്തി നേരിടുന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. വീടിന്‍റെ ഗേറ്റ് ബലം പ്രയോഗിച്ച് തുറന്ന് അകത്ത് കയറിയ അയൽവാസിയായ പന്തളം കടയ്ക്കാട് തൈവടക്കേതിൽ അൻസീർ (43) ആണ് അക്രമം അഴിച്ചുവിട്ടത്. വീട്ടുമുറ്റത്തെ ഉണ്ടായിരുന്ന മാരുതി കാറിന്‍റെ ചില്ല് പൂച്ചട്ടി കൊണ്ട് ഇടിച്ചു പൊട്ടിച്ചു.
പിന്നീട് യുവാവ് സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന അഡ്വ. മാലക്കര ശശിയോട് കയർത്ത് സംസാരിക്കുകയും അക്രമിക്കുവാൻ മുതിരുകയുമായിരുന്നു. ബഹളംകേട്ട് വീടിന് അകത്ത് നിന്നും വന്ന ഭാര്യ റിട്ട. പ്രഫ. കെ. സുലേഖദേവി ഭർത്താവിനെ വിടിനുള്ളിൽ കയറ്റി വാതിൽ അടക്കുകയായിരുന്നു.
സിറ്റൗട്ടിൽ തുക്കിയിരുന്ന ലൈറ്റുകൾ, ഭിത്തിയിൽ തുക്കിയിട്ടിരുന്ന ചിത്രങ്ങൾ എന്നിവ തകർത്തു. വീടിന്‍റെ ജനാല ചില്ലുകൾ തകർക്കുവാനും ശ്രമം നടത്തി. ഇയാൾ മൂന്ന് വർഷങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മാരകായുധങ്ങളുമായി അക്രമം നടത്താൻ ശ്രമിച്ചിരുന്നതായും കെ. സുലേഖദേവി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അൻസീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാന്ധിജിയെ കൊന്ന ആർ.എസ്.എസിൽ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ അക്രമമെന്ന് കെ. സുലേഖദേവി പറഞ്ഞു.
സംഭവത്തിൽ ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അഡ്വ. വി.എ. സൂരജ് പ്രതിഷേധിച്ചു. അഡ്വ. മാലക്കര ശശിയുടെ വീട് ആക്രമിച്ചത് കൊടുംക്രിമിനൽ ആണെന്നും ഒരു പ്രകോപനവും കൂടാതെ ഇതിന് മുൻപും ഇയാൾ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

