മലബാർ സമര പോരാളികൾക്ക് എവിടെ സ്മാരകം?
text_fieldsമലപ്പുറം: വെള്ളപ്പട്ടാളത്തിനെതിരെ പട പൊരുതി ധീരരക്തസാക്ഷികളായ മലബാർ സമരപോരാളികൾക്ക് സ്മാരകമെവിടെ? സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായ ഈ രക്തരൂക്ഷിത പോരാട്ടത്തെ സർക്കാറും സാംസ്കാരിക വകുപ്പും അവഗണിക്കുകയാണോ? മലബാർ യുദ്ധ സ്മാരകം സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് ആലോചനകൾ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി.
ഹിന്ദുഐക്യവേദിയടക്കം തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിർപ്പാണ് സർക്കാറും തദേശഭരണ സ്ഥാപനങ്ങളും പദ്ധതികളിൽനിന്നും പിറകോട്ടുപോകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. മലബാർ സമര പോരാളികൾക്കുവേണ്ടിയുള്ള ഏക സ്മാരകം എന്നു പറയാവുന്നത് പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേർന്ന് സ്ഥാപിച്ച യുദ്ധ സ്മാരക കോംപ്ലക്സാണ്. മ്യൂസിയം അടക്കം സ്ഥാപിക്കാൻ ഉദ്ദേശിച്ചു സ്ഥാപിച്ച ഈ പദ്ധതി ഇന്നും പൂർണാർഥത്തിൽ പ്രാവർത്തികമായിട്ടില്ല.
2005-2010 കാലയവളവിൽ അരിമ്പ്ര മുഹമ്മദ് പ്രസിഡന്റ് ആയിരിക്കെയാണ് യുദ്ധ സ്മാരകങ്ങൾ സ്ഥാപിക്കുന്നതിനുള്ള ആലോചനകൾക്ക് തുടക്കമിട്ടത്. തുടർന്നുവന്ന രണ്ട് ഭരണ സമിതികളും ആസൂത്രണ സമിതികളിലടക്കം വിഷയം ചർച്ചക്ക് വെച്ചെങ്കിലും ബജറ്റിൽ തുക നീക്കിവെച്ച് പദ്ധതി പ്രാവർത്തികമാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. നിലവിലുള്ള ഭരണസമിതി കഴിഞ്ഞ മൂന്ന് വാർഷിക പദ്ധതികളിലും യുദ്ധ സ്മാരകത്തിന് തുക വകയിരുത്തുന്നുണ്ട്.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ കാളികാവ് കല്ലാമൂലയിലും പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികളുടെ സ്മരണാർഥം പൂക്കോട്ടൂരിലും യുദ്ധ സ്മാരകങ്ങളും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നതാണ് പദ്ധതി. ആദ്യവർഷം 50 ലക്ഷവും തൊട്ടടുത്ത വർഷം ഒരുകോടിയും പിന്നീട് 2.5 കോടിയും നീക്കിവെച്ചെങ്കിലും പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമായില്ലെന്നാണ് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകത്തിന് സ്ഥലംകണ്ടെത്താൻ അദ്ദേഹം ഒളിവിൽകഴിഞ്ഞിരുന്ന കല്ലാമൂല ചിങ്കക്കല്ല് ഭാഗത്തടക്കം പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്മാരകങ്ങൾക്ക് സൗജന്യമായി സ്ഥലംനൽകാൻ ആരും തയാറായില്ലെന്നും സർക്കാർ നിരക്ക് വളരെ കുറവായതിനാൽ ഭൂമി വിലക്കുവാങ്ങി പദ്ധതി പ്രാവർത്തികമാക്കുക ദുഷ്കരമാണെന്നും അധികൃതർ പറയുന്നു.
പൂക്കോട്ടൂരിൽ ഒരേക്കർ സ്ഥലത്ത് വിപുലമായ ഗവേഷണ സൗകര്യങ്ങളോടെയുള്ള യുദ്ധ സ്മാരക കോംപ്ലക്സ് ആണ് ജില്ല പഞ്ചായത്ത് വിഭാവനം ചെയ്തിരുന്നത്. സ്ഥലം ലഭ്യമായില്ലെന്ന കാരണം പറഞ്ഞ് സ്മാരക പദ്ധതിതന്നെ ഉപേക്ഷിക്കുന്ന നിലയാണിപ്പോൾ. മലബാർ സമരത്തോടുള്ള സർക്കാറിന്റെ അവഗണന സമീപനത്തിന് തെളിവാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിലുള്ള സ്മാരകം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത്.
കോട്ടക്കുന്നിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച സ്മാമാരകത്തിനുള്ള പദ്ധതിയും സ്ഥലം ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് സാംസ്കാരിക വകുപ്പ് ഉപേക്ഷിച്ചത്. മറ്റു എല്ലാ ജില്ലകളിലും സാംസ്കാരിക നായകൻമാരുടെ പേരിൽ കിഫ്ബി ഫണ്ടിൽ സ്മാരകസൗധങ്ങൾ ഉയരുമ്പോഴാണ് സർക്കാർ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിലുള്ള നിർദിഷ്ട പദ്ധതിയെ അവഗണിക്കുന്നത്.
സ്വതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക ഏടായി ചരിത്രത്തിൽ ഇടംപിടിച്ച മലബാർ പോരാട്ടത്തിന്റെ 104ാം വർഷത്തിലും രക്തസാക്ഷികൾക്ക് ഉചിത സ്മാരകം എന്നത് സ്വപ്നമായി അവശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

