യൂനിവേഴ്സിറ്റികളുടെ പേരിൽ തട്ടിപ്പ്: ഡൽഹി സ്വദേശിയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
text_fieldsതിരുവനന്തപുരം: രാജ്യത്തെ വിവിധ യൂനിവേഴ്സിറ്റികളുടെയും പരീക്ഷാ ബോർഡുകളുടെയും പേരിൽ വ്യാജ വെബ്സൈറ്റുകൾ തയാറാക്കി സർട്ടിഫിക്കറ്റുകൾ വിൽപന നടത്തുന്ന കേസിലെ പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹി സ്വദേശി അവിനാഷ് റോയി വർമയെയാണ് സൈബർ പൊലീസിെൻറ ആവശ്യപ്രകാരം കസ്റ്റഡിയിൽ നൽകിയത്. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേരള പി.എസ്.സിയുടെ വെബ്സൈറ്റിൽ വരെ തട്ടിപ്പ് നടത്താൻ ഇയാൾ ശ്രമിച്ചു. ഇതുകാരണം പ്രതി നടത്തിയ തട്ടിപ്പിനായി ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ, തട്ടിപ്പ് നടത്തിയ രീതികൾ എന്നിവ കണ്ടുപിടിക്കാനാണ് മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സിജു.കെ.എൽ.നായർ പറഞ്ഞു.
കേരള പി.എസ്.സി, പരീക്ഷ ഭവൻ, കേരള ഹയർസെക്കൻഡറി, കൊച്ചിൻ സർവകലാശാല, ഡൽഹി യൂനിവേഴ്സിറ്റി, അസം പരീക്ഷ ബോർഡ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് വ്യാപക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

