ന്യൂഡൽഹി: മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാൻ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകൻ. ചികിത്സ തേടിയപ്പോൾ ആശുപത്രിയിൽനിന്ന് കടുത്ത അവഗണന നേരിട്ടതായും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും വെൻറിലേറ്റർ സൗകര്യം ഉപയോഗപ്പെടുത്തുകയോ െഎ.സി.യുവിൽ പ്രവേശിപ്പിക്കുകയോ ചെയ്തില്ലെന്നും അഖിൽ പറഞ്ഞു.
ഉപയോഗിച്ചതും ഗുണനിലവാരം ഇല്ലാത്തതുമായ പി.പി.ഇ കിറ്റുകൾ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ചു. വേണ്ടത്ര അണുനശീകരണം നടത്തിയില്ല, പഴകിയതും കീറിയതുമായ മാസ്കുൾ നൽകി ആശുപത്രി അധികൃതർ പണം വാങ്ങിയതായും അഖിൽ കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുമ്പാണ് പത്തനംതിട്ട വള്ളിക്കോട് -കോട്ടയം പാറയിൽ പുത്തൻവീട്ടിൽ അംബിക സനിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. 48 വയസായിരുന്നു. ഡൽഹി രജൗരി ഗാർഡൻ കൽറ ആശുപത്രിയിലെ നഴ്സായിരുന്നു.
പടിഞ്ഞാറൻ ഡൽഹി രജൗരി ഗാർഡൻ ശിവാജി എൻക്ലേവ് ഡി.ഡി.എ 63 എയിലാണ് ഇവർ താമസിച്ചിരുന്നത്. 22നാണ് കടുത്ത ചുമയും ദേഹാസ്വാസ്ഥ്യവും അനുഭവെപ്പട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അംബിക കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.