നിയമസഭാ സമിതിക്ക് മുമ്പാകെ ആവശ്യങ്ങളുടെ കെട്ടഴിച്ച് ഡൽഹി മലയാളികൾ
text_fieldsഎ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷനായ പ്രവാസി ക്ഷേമകാര്യ നിയമസഭ സമിതി കേരള ഹൗസിൽ സിറ്റിങ് നടത്തുന്നു
ന്യൂഡൽഹി: കശ്മീർ വിവാദക്കുകുരുക്കിൽപ്പെട്ട് തിരക്കിട്ട് നാട്ടിലേക്ക് മടങ്ങിയ കെ.ടി. ജലീൽ ഇല്ലാതെ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷനായ പ്രവാസി ക്ഷേമകാര്യ നിയമസഭ സമിതി കേരള ഹൗസിൽ സിറ്റിങ് നടത്തി. ഡൽഹി - എൻ.സി.ആർ പ്രദേശങ്ങളിലെ പ്രവാസി മലയാളികൾ സമിതിക്ക് മുമ്പാകെ ആവശ്യങ്ങളുടെ കെട്ടഴിച്ചു.
കേരളത്തിലെ ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം, കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങൾ ലഭിക്കുന്നതിന് നേരിടുന്ന പ്രയാസങ്ങൾ, പി.എസ്.സി പരീക്ഷകൾക്ക് ഡൽഹിയിൽ സെന്റർ അനുവദിക്കൽ, ഡൽഹിയിൽ എത്തുന്ന മലയാളി കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഏർപ്പെടുത്തൽ, ഡൽഹി പൊലീസ് റിക്രൂട്ട്മെന്റിന് കേരളത്തിൽ സെന്റർ അനുവദിക്കുന്നതിന് കേരള സർക്കാർ ഇടപെടൽ, വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും ഡൽഹിയിൽ എത്തുന്നവരെ സഹായിക്കാൻ നോർക്കയുടെ ഹെൽപ് ഡെസ്ക്ക്, കപൂർത്തല പ്ലോട്ടിൽ സാംസ്കാരിക സമുച്ചയം തുടങ്ങി വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി. നഴ്സ് ജോലി തട്ടിപ്പും പ്രവാസി ക്ഷേമ പെൻഷൻ പ്രായപരിധി ഉയർത്തുന്നതും സംബന്ധിച്ച നിവേദനങ്ങൾ നിയമസഭാ സമിതിക്കു നൽകി. നിയമസഭക്ക് റിപ്പോർട്ട് നൽകുമെന്ന് സമിതി അറിയിച്ചു.
എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ (വൈപ്പിൻ ), പ്രമോദ് നാരായണൻ എന്നിവർ പരാതികൾ കേട്ടു. നിയമസഭാ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുഞ്ഞുമോൻ, നോർക്ക വികസന ഓഫിസർ ഷാജിമോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

