കശ്മീർ പരാമർശം: കെ.ടി. ജലീലിന് എതിരായ ഹരജിയിൽ ഡൽഹി കോടതി വിശദീകരണം തേടി
text_fieldsന്യൂഡൽഹി: കശ്മീരിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽഎക്കെതിരായ ഹരജിയിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി ഡൽഹി റോസ് അവന്യൂ കോടതി. ചൊവ്വാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.
കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും കേസെടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഡൽഹി പൊലീസിലും മണി പരാതി നൽകിയിരുന്നു.
പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പൊലീസ് നിയമോപദേശം തേടിയിരുന്നു. പരാതി സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറുകയും ചെയ്തു. പരാതിയിൽ നടപടി വൈകുന്നതിനാൽ ന്യൂഡൽഹി ഡിസിപിക്കും ജി.എസ് മണി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങിയത്. ജമ്മു കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ ചില പരാമർശങ്ങളാണ് വിവാദമായത്.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ" എന്നറിയപ്പെട്ടു, ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ''ഇന്ത്യൻ അധീന ജമ്മു കശ്മീർ''എന്നു തുടങ്ങിയ ജലീലിന്റെ പരാമർശങ്ങളാണ് വിവാദമായത്. കശ്മീർ യാത്രയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ കടന്നുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

