ഡൽഹി സ്ഫോടനം: കേരളത്തിൽ അതിജാഗ്രതാ നിർദേശം; ബസ്, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന
text_fieldsതിരുവനന്തപുരം: ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിന് പിന്നാലെ കേരളത്തിലും അതിജാഗ്രതാ നിർദേശം. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.
സംശയകരമായ സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന്‍റ നടത്തും. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും നിരീക്ഷണം ശക്തമാക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ഡെറാഡൂൺ അടക്കമുള്ള നഗരങ്ങളിലും ഹരിയാന, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലുമാണ് അതിജാഗ്രതാ നിർദേശം നൽകിയത്.
സംസ്ഥാന പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും നഗരപ്രദേശങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്.
കൂടാതെ, ഡൽഹിയിലെ മാർക്കറ്റുകൾ അടക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി. ചാന്ദ്നി ചൗക്ക് മാർക്കറ്റിന് ചുറ്റും ഡൽഹി പൊലീസിന്‍റെ പ്രത്യേക സ്ക്വാഡും നാഷണൽ സെക്യൂരി ഗാർഡും (എൻ.എസ്.ജി) സുരക്ഷാ വലയം തീർത്തിട്ടുണ്ട്.
ചെങ്കോട്ട, ഡൽഹി മെട്രോ സ്റ്റേഷനുകൾ, ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം, സുപ്രധാന സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ സി.ഐ.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹി-നോയ്ഡ അതിർത്തിയിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് 6.52ഓടെയാണ് രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ കാർബോംബ് സ്ഫോടനം നടന്നത്. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. 13 പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഏതാനും കിലോമീറ്റർ അകലെയുള്ള എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രദേശം ജനനിബിഡമായിരുന്നു. അതിനിടെയാണ് ഹ്യൂണ്ടായ് ഐ.20 കാറാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. അനേകം മീറ്ററുകൾ അകലെ പാർക്കു ചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു. ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വർഷം മുഴുവൻ നല്ല തിരക്കുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
സംഭവത്തിന്റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാണ്. സ്ഫോടനം നടന്ന പ്രദേശത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. നടന്നത് ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹി നഗരം അതിജാഗ്രതയിലാണ്. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

