മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ വൈകി -ഹൈകോടതി
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെ വിവാദമായ മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. മുനമ്പം ഭൂമി സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമീഷനെ നിയമിച്ച സർക്കാർ ഉത്തരവ് ശരിവെച്ച് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.
ന്യായമായ കാരണത്താലല്ലാതെ വഖഫ് സ്വത്ത് രജിസ്റ്റർ ചെയ്യാൻ വൈകരുതെന്നാണ് വഖഫ് നിയമം അനുശാസിക്കുന്നത്. ഈ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണ് ഏഴ് പതിറ്റാണ്ടിനുശേഷം മുനമ്പത്തേത് വഖഫ് ഭൂമിയായി വിജ്ഞാപനം നടത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്ത വഖഫ് ബോർഡിന്‍റെ നടപടി. അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണ്. അതിനാൽ, നിലവിലെ രജിസ്ട്രേഷൻ നിയമപരമായി നടപ്പാക്കാൻ കഴിയാത്തതാണ്. എന്നാൽ, ഇത് റദ്ദാക്കി ഉത്തരവിടുന്നില്ലെന്നും വിജ്ഞാപനം സർക്കാറിന് ബാധകമല്ലെന്ന് വ്യക്തമാക്കുന്നതിന്‍റെ ഭാഗമായ നിരീക്ഷണമാണിതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഒരു വസ്തുവിന്‍റെ രേഖയിൽ ബന്ധപ്പെട്ട സ്വത്ത് വഖഫ് ആധാരമായി തിരിച്ചിട്ടുള്ളതാണോ അല്ലയോ എന്ന് അംഗീകൃത രേഖകളുടെ അടിസ്ഥാനത്തിൽ, റിട്ട് കോടതിക്കുതന്നെ പരിശോധിക്കാം. വഖഫ് ബോർഡിന്‍റെ വിജ്ഞാപനത്തെത്തുടർന്ന് വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കുകയാണെങ്കിലും 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബോർഡിന്‍റെ നടപടി ശരിയും ന്യായവും നിർബന്ധിത വ്യവസ്ഥകൾ പാലിച്ചുമാണോ നിയമവിരുദ്ധമാണോ എന്ന് സിംഗിൾബെഞ്ച് ഉറപ്പുവരുത്തണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
വഖഫ് നിയമവും നടപടിക്രമങ്ങളും പ്രകാരം ബന്ധപ്പെട്ട ഭൂമിയുടെ സർവേ, അർധ ജുഡീഷ്യൽ അന്വേഷണം, റിപ്പോർട്ട് സമർപ്പണം, ഗസറ്റ് വിജ്ഞാപനം എന്നിവ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും മുനമ്പം ഭൂമിയുടെ കാര്യത്തിൽ ഇതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ മുനമ്പത്തേത് വഖഫ് സ്വത്തായി കാണാനാവില്ലെന്നും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏതെങ്കിലും തരത്തിലുള്ള അന്വേഷണ കമീഷനുകൾ രൂപവത്കരിക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കമീഷന്‍റെ ശിപാർശകളിൽ നടപടിയെടുക്കാൻ സർക്കാറിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

