ക്ഷാമബത്ത കുടിശ്ശിക: വിധി പഠിക്കാൻ ധനവകുപ്പ്, വേണ്ടത് 23,000 കോടി
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് പരിശോധിക്കാൻ ധനവകുപ്പ് നടപടി തുടങ്ങി. വ്യാഴാഴ്ച ഉത്തരവ് പുറത്തുവന്നെങ്കിലും കൈവശം കിട്ടിയിട്ടില്ലെന്നും വിശദമായി പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ ഡി.എയുടെ കാര്യത്തിൽ മാത്രമാണ് കുടിശ്ശികയുള്ളത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ മുന്നിൽ വെച്ച് മാത്രം നിലപാടെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നൽകാനാകുമെന്നും ഇക്കാര്യം ഡിസംബർ 11നകം സർക്കാർ അറിയിക്കണമെന്നുമാണ് ട്രൈബ്യൂണൽ ഉത്തരവ്. നിർദേശിച്ച ദിവസം മറുപടി നൽകിയില്ലെങ്കിൽ ട്രൈബ്യൂണൽ തീയതി നിശ്ചയിച്ച് തുക നൽകാൻ നിർദേശിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഇടക്കാല ഉത്തരവിലുണ്ട്.
2021 ജനുവരി, ജൂലൈ, 2022 ജനുവരി, ജൂലൈ, 2023 ജനുവരി, ജൂലൈ എന്നിങ്ങനെ ആറ് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്. ഈ ആവശ്യം ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകൾ സർക്കാറിനെ സമീപിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് തൽക്കാലം പണം നൽകാൻ കഴിയില്ലെന്നും സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് നോക്കാമെന്നുമായിരുന്നു സർക്കാർ നിലപാട്. ആറ് ഗഡു കുടിശ്ശിക കൊടുത്തുതീർക്കാൻ 23,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2020 ജൂലൈ ഒന്നുമുതൽ നൽകുന്ന ഏഴുശതമാനമാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്.
25 ശതമാനം ലഭിക്കേണ്ടിടത്താണിത്. വർധിക്കുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്താണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്. 2021 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയോ നിയന്ത്രണങ്ങളോ ബാധകമാക്കരുതെന്നാണ് ട്രൈബ്യൂണൽ നിർദേശം. 2023 ഒക്ടോബറിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത 42 ശതമാനത്തിൽനിന്ന് 46 ആയി വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

