Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം മുസ്ലിം...

സി.പി.എം മുസ്ലിം വിരുദ്ധമോ..? ഗൃഹസന്ദർശനങ്ങളിൽ ‘ഡിഫൻസ് ഫോർമുല’

text_fields
bookmark_border
സി.പി.എം മുസ്ലിം വിരുദ്ധമോ..?   ഗൃഹസന്ദർശനങ്ങളിൽ ‘ഡിഫൻസ് ഫോർമുല’
cancel

തിരുവനന്തപുരം: പാർട്ടിയുടെ ഗൃഹസന്ദർശനങ്ങളിൽ സി.പി.എം മുസ്ലിം വിരുദ്ധ സമീപനമാണോ സ്വീകരിക്കുന്നത് എന്ന ചോദ്യമുയർന്നാൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുക വഴി സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ന്യൂനപക്ഷങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ടെന്ന് വിശദീകരിക്കണമെന്ന് പ്രവർത്തകൾക്ക് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുഖഛായ മെച്ചപ്പെടുത്താൻ സി.പി.എം ആരംഭിച്ച ഗൃഹസന്ദർശനങ്ങൾക്ക് ഉപയോഗിക്കാൻ നൽകിയ കുറിപ്പിലാണ് ഇക്കാര്യങ്ങളുള്ളത്.

ഒപ്പം നേരത്തെ ഇടതുപക്ഷവുമായി അകലം പാലിച്ച മുസ്ലിം സംഘടനകൾ ഇപ്പോൾ നല്ല രീതിയിൽ ബന്ധപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കണം. ഈ സ്വീകാര്യത തകർക്കാനുള്ള ശ്രമമാണ് സി.പി.എം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരവേലക്ക് പിന്നിലെന്നും വീട്ടുകാരോട് പറയണം. ആവശ്യമെങ്കിൽ കേരളത്തിൽ കോ-ലീ-ബി സംഖ്യമുൾപ്പെടെയുള്ള കാര്യം ഓർമിപ്പിക്കാം. ബി.ജെ.പി വിജയിച്ച പാർലമെന്‍റ്-നിയമസഭ മണ്ഡലങ്ങളിൽ എന്തുകൊണ്ട് യു.ഡി.എഫ് മൂന്നാം സ്ഥാനത്ത് എത്തിയെന്നതും പറയണം. ഒപ്പം ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദ നിലപാടുള്ള സംഘടനയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായും മുസ്ലിം ലീഗ് വഴി യു.ഡി.എഫ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് ചൂണ്ടിക്കാട്ടണമെന്നുമാണ് കുറിപ്പിലുള്ളത്.

വീണ്ടും ചോദ്യമുയർന്നാൽ തിരിച്ച് ചോദിക്കണം

വീണ്ടും സി.പി.എമ്മിന്‍റെ മുസ്ലിം വിരുദ്ധത സംബന്ധിച്ച ചോദ്യമുയർന്നാൽ കഴിഞ്ഞ 10 വർഷം സർക്കാറിന്‍റെ ഏതെങ്കിലം നടപടി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് എതിരായത് പറയാമോ എന്ന് അങ്ങോട്ട് ചോദിക്കണമെന്നാണ് രേഖയിലെ നിർദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സ്വീകരിച്ച സമീപനം, കോഴിക്കോട് ഹജ് ഹൗസിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ബ്ലോക്ക് ഉദ്ഘാടനം, കണ്ണൂരിൽ പുതിയ ഹജ് ഹൗസ്, മദ്റസ അധ്യാപക ക്ഷേമനിധി, ആവശ്യാനുസരണം പ്ലസ്ടു ബാച്ച് അനുവദിക്കൽ തുടങ്ങി സർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ വിശദീകരിക്കണം. കഴിഞ്ഞ 10 വർഷം വർഗീയ കലാപങ്ങൾ ഒന്നും കേരളത്തിലുണ്ടായില്ല എന്നത് പ്രധാനമെന്നും കുറിപ്പിലുണ്ട്.

വർഗീയ പ്രസ്താവനകളിലെ നിലപാട്

കേരളത്തിൽ രൂപപ്പെട്ട വർഗീയ അന്തരീക്ഷത്തിന്‍റെ സ്വാധീനത്തിൽ പലരും മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ ഇറക്കിയിരുന്നു. ലീഗിന്‍റ എം.എൽ.എ തന്നെ പരസ്യമായി ഇത്തരം പ്രസംഗം നടത്തി. കാസ പോലുള്ള സംഘടനയും അതിന്‍റെ സ്വാധീനത്തിൽ ചിലരും സമാന പ്രസ്താവന നടത്തിയിട്ടുണ്ട്. അക്കാലത്ത് വെള്ളാപ്പള്ളി നടേശന്‍റെ ഭാഗത്ത് നിന്നും ചില തെറ്റായ പരാമർശങ്ങളുണ്ടായി.

ഇതെല്ലാം ചൂണ്ടിക്കാട്ടി, മതനിരപേക്ഷത ദുർബലപ്പെടുന്ന പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആരുടെയും പേര് പറയാതെ പാർട്ടി പൊതു പ്രസ്താവന നടത്തിയ കാര്യം ഓർമിപ്പിക്കണം. യു.ഡി.എഫ് ഇത്തരം പരാമർശങ്ങൾക്കെതിരെ ഒരു കാര്യവും പറഞ്ഞിരുന്നില്ല. പ്രവീൺ തൊഗാഡിയയുടെ കേസ് പിൻവലിച്ചത് യു.ഡി.എഫ് ആണെന്നത് പറയണമെന്നും നിർദേശിക്കുന്നു.

തെറ്റ് പറഞ്ഞാലും പ്രധാന്യമുള്ളപോലെ കേട്ടിരിക്കണം

ഗൃഹസന്ദർശനങ്ങളിൽ പ്രാദേശികമായ സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടാണ് ചർച്ചകളിലേക്ക് കടക്കേണ്ടതെന്ന് കുറിപ്പിൽ പറയുന്നു. തിരിച്ചടിയുണ്ടായ ഇടങ്ങളിലാണെങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതിൽ വെച്ച് തുടങ്ങാം. പലപ്പോഴും തെറ്റായ കാര്യങ്ങളായിരിക്കും അവർ പറയുക. എന്നാലും അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന ധാരണയോടെ കേൾക്കണം. വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയും ഉണ്ടാകണം. എങ്കിലേ അവരുടെ ഉള്ളിലുള്ള കാര്യങ്ങൾ മനസ്സിലാക്കാനും തിരുത്താനും കഴിയൂ എന്നാണ് കുറിപ്പിലെ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMhome visitKerala
News Summary - Is CPM anti-Muslim? ‘Defense formula’ in home visits
Next Story