ജയിലിൽ വധക്കേസ് പ്രതികൾ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്
text_fieldsആലപ്പുഴ: ജില്ല ജയിലിൽ കൊലക്കേസ് പ്രതികൾ ഏറ്റുമുട്ടി. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാൻ വധക്കേസ് പ്രതി ആർ.എസ്.എസ് പ്രവർത്തകനായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യുവും (27) ആലപ്പുഴ ടൗണിൽ സ്ഫോടക വസ്തുപൊട്ടി കണ്ണൻ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്സലും (38) തമ്മിലാണ് ഏറ്റുമുട്ടിയത്.
പരിക്കേറ്റ നഫ്സലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിക്കാണ് പരിക്ക്. തലക്കുള്ള ആഘാതമായതിനാൽ ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെവ്വേറെ സെല്ലുകളിൽ കഴിയുന്നവരാണ് ഇരുവരും. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായെന്നാണ് സൂചന. വാക്കേറ്റത്തെ തുടർന്ന് അടിപിടിയുണ്ടായെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
അഭിമന്യു ആക്രമിച്ചെന്നാണ് നഫ്സൽ പറയുന്നത്. ജയിൽ അധികൃതരുടെ റിപ്പോർട്ടിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനെ ഡിസംബർ 18ന് രാത്രിയാണ് വധിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാളാണ് അഭിമന്യു.

