വാഹനമോഷണ, പിടിച്ചുപറി കേസുകളിലെ പ്രതി പിടിയിൽ
text_fieldsഅബ്ദുൽ സലാം
വളാഞ്ചേരി: വൈക്കത്തൂർ പ്രദേശത്തുനിന്ന് മിനിലോറി മോഷ്ടിച്ച കേസിലും വളാഞ്ചേരി വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫിസ് ജീവനക്കാരിയായ വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല പിടിച്ചുപറിച്ച കേസിലെയും പ്രതിയെ വളാഞ്ചേരി പൊലീസ് പിടികൂടി. ഫറോക്ക് മണ്ണാർപ്പാടം സ്വദേശി അബ്ദുൽ സലാമിനെയാണ് (40) പൊലീസ് പിടികൂടിയത്.
മാല പിടിച്ചുപറിച്ച കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് തലയാട് സ്വദേശി മനാഫിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. പിടിച്ചുപറിച്ച സ്വർണാഭരണം തൃശൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തിയിത് പൊലീസ് കണ്ടെടുത്തു.
വൈക്കത്തൂർ ഹൈസ്കൂൾ പരിസരത്തുനിന്ന് മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് വിൽപന നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നും വാഹനം ഉടൻ ലഭ്യമാക്കാൻ ആവശ്യമായ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും വളാഞ്ചേരി എസ്.ഐ മുരളികൃഷ്ണൻ പറഞ്ഞു. ഇക്ബാൽ, സി.പി.ഒമാരായ, ദീപക്, സുനിൽ ദേവ്, ബിനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

