പരാജയങ്ങൾ പഴങ്കഥ; മന്ത്രിയായി ബിന്ദുകൃഷ്ണ
text_fieldsകൊല്ലം: സമൂഹ മാധ്യമങ്ങളിൽ വൈറൽ വിഡിയോകളുടെ തുടക്കകാലത്ത് ഏറെ ട്രോൾ വാങ്ങിക്കൂട്ടിയ ഒരു വിഡിയോ, പൊതുവഴിയിൽ കണ്ട ഹിന്ദിക്കാരോട് ഹിന്ദിയിൽ സംസാരിക്കുന്ന മഹിള കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഒഴുക്കില്ലാതെ ഇത്തിരി തെറ്റുകളോടെയുള്ള സംസാരം ഏറെ കളിയാക്കലുകളാണ് അന്ന് ഏറ്റുവാങ്ങിയത്. പിന്നീട് പാർലമെന്ററി രാഷ്ട്രീയത്തിൽ ഒന്നിനുപിറകെ ഒന്നായി തോൽവികൾ. എന്നിട്ടും ആത്മവിശ്വാസം കൈവിടാതെ പോരാടി. അതാണ് ബിന്ദുകൃഷ്ണക്ക് മന്ത്രിപദത്തിലേക്കുള്ള ഊർജമായത്. നിയമസഭയിലേക്കുള്ള മൂന്നാം പോരാട്ടത്തിൽ ജയം. ഒപ്പം കൈവന്ന മന്ത്രിപദം എല്ലാ പരിഹാസങ്ങൾക്കും ചുട്ട മറുപടിയാവുകയാണ്.
ചാത്തന്നൂർ കട്ടച്ചലിൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന പി.സുകുമാരന്റെയും ബി. വസുമതിയുടെയും മകൾ. ചെറുപ്പം മുതൽ ഇന്ദിരാഗാന്ധിയെ ആരാധിച്ച് വളർന്ന ആ പെൺകുട്ടി കൊല്ലം എസ്.എൻ കോളജിൽ ആണ് മുദ്രാവാക്യം വിളിച്ച് രാഷ്ട്രീയകളത്തിലേക്ക് ചുവടുവെച്ചത്. 1987ൽ കെ.എസ്.യുവിന്റെ കോളജ് യൂനിറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി. 91ൽ അതേ യൂനിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പദവികളും വഹിച്ചു. എൽ.എൽ.എം ബിരുദം നേടി അഭിഭാഷകയായി. മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരിക്കെ ആണ് 2011ൽ ചാത്തന്നൂരിൽ ആദ്യമത്സരത്തിൽ തോൽവി. 2014ൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലും തോറ്റു. ഇതിനിടെ, കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, മഹിള കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് എന്നിങ്ങനെ പല പദവികൾ. 2019ൽ കൊല്ലം ഡി.സി.സി പ്രസിഡന്റായതോടെ നേതൃനിരയിൽ സജീവം. 2021ൽ കൊല്ലം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ജനം കൈവിട്ടു. പിന്നീട്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എന്ന ചുമതലക്കൊപ്പം ചിന്നക്കടയിൽ താമസിച്ച് അഞ്ച് വർഷം മണ്ഡലത്തിൽ നിറഞ്ഞുനിന്നതോടെ ഇത്തവണത്തെ ജയം കൈപിടിയിലായി. ഈ കാലയളവിലെല്ലാം ജീവിതത്തിലും പാർട്ടിയിലും പിന്തുണയുമായി ഭർത്താവ് എസ്. കൃഷ്ണകുമാറും മകൻ ശ്രീകൃഷ്ണയും ഒപ്പംനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

