കഴക്കൂട്ടത്തെ തോൽവി: കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം; 'കുളത്തൂർ സഖാക്കളുടെ' പേരിൽ ഫ്ലക്സ്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കഴക്കൂട്ടത്ത് സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം പരസ്യമാകുന്നു. കഴക്കൂട്ടം കുളത്തൂർ ജംങഷനിലാണ് 'കുളത്തൂർ സഖാക്കൾ' എന്ന പേരിൽ കടകംപള്ളിക്കെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ' എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്.
കടകംപള്ളി സുരേന്ദ്രന് പുറമെ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ബോർഡിലുണ്ട്. നേരത്തെ പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം, കുളത്തൂർ മേഖലകളിലെ പാർട്ടിയിൽ ശക്തമായ വിഭാഗീയത നിലനിന്നിരുന്നു. ഈ തർക്കങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചതായും ഈ മേഖലകളിൽ നിന്ന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നുമാണ് വിലയിരുത്തൽ. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നേതൃത്വത്തിനെതിരെ പരസ്യമായ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
കഴക്കൂട്ടം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരനാണ് ഇത്തവണ അട്ടിമറി വിജയം നേടിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ നേരിയ ലീഡ് നിലനിർത്തിയെങ്കിലും പിന്നീട് ചിത്രം മാറുകയായിരുന്നു. ഒടുവിൽ 428 വോട്ടുകൾക്കാണ് കടകംപള്ളിയെ പരാജയപ്പെടുത്തി മുരളീധരൻ വിജയിച്ചു കയറിയത്. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഴക്കൂട്ടത്തെ തോൽവി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

