ചാലക്കുടിയിലെ തോൽവി: ബി.ഡി. ദേവസി അടക്കം മൂന്നുപേർക്ക് താക്കീത്
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിലെ തോൽവിയിൽ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ബി.ഡി. ദേവസി ഉൾപ്പെടെ മൂന്ന് ജില്ല കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യാൻ സി.പി.എം തീരുമാനം.
ദേവസിയെ കൂടാതെ, പി.കെ. ഗിരിജാവല്ലഭൻ, ഏരിയ സെക്രട്ടറി ടി.എ. ജോണി എന്നിവർക്കെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ചാലക്കുടിയിൽ ജാഗ്രതക്കുറവുണ്ടായെന്ന് തോൽവി പരിശോധിക്കാൻ നിയോഗിച്ച കമീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ദേവസി അടക്കമുള്ള നേതാക്കൾക്ക് ബോധപൂർവമായ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് കണ്ടെത്തൽ. മൂന്ന് തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിലെ ബി.ഡി. ദേവസി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഇത്തവണ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകുകയായിരുന്നു. തീരുമാനത്തിന് പിന്നാലെ പ്രവർത്തകർക്കിടയിൽ എതിർപ്പുയർന്നിരുന്നു. പ്രചാരണരംഗത്തുനിന്ന് പ്രവർത്തകർ വിട്ടുനിന്നുവെന്നും ആരോപണമുയർന്നു.
ഇത് പരിഹരിക്കാൻ മുതിർന്ന നേതാവെന്ന നിലയിൽ ദേവസിയിൽനിന്നും മറ്റ് നേതാക്കളിൽനിന്നും ശ്രമം ഉണ്ടായിെല്ലന്നാണ് കണ്ടെത്തൽ. ജില്ലയിൽ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട ഏകമണ്ഡലം ചാലക്കുടിയാണ്. യു.ഡി.എഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് 1057 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.