മേയർ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശം; കെ. മുരളീധരൻ എം.പിക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തില്‍ കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്.
കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ സമരത്തിൽ സംസാരിക്കവേയായിരുന്നു മുരളീധരൻ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു പരാമർശം. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓർമിപ്പിക്കുകയാണ്. ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് -മുരളീധരൻ പറഞ്ഞു.
തുടർന്ന് മേയർ ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. മേയറെക്കുറിച്ച് അധിക്ഷേപകരമായ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മുരളീധരന്‍റെ വിശദീകരണം. പല പ്രഗത്ഭമതികളും ഇരുന്ന കസേരയിൽ ഇരിക്കുന്ന മേയർ ആ പക്വത കാണിച്ചില്ല എന്നാണ് താൻ പറഞ്ഞത്. താൻ പറഞ്ഞതിൽ അവർക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.പി പറഞ്ഞിരുന്നു.