എം.വി. ഗോവിന്ദനെതിരെ അപകീർത്തി പരാമർശം: സ്വപ്നക്കെതിരായ കേസിലെ സ്റ്റേ നീക്കി
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തി പരാമർശം നടത്തിയ കേസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹാജരാകണമെന്ന് ഹൈകോടതി.
തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ വിജേഷ് പിള്ള എന്നയാൾവഴി ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബംഗളൂരുവിൽവെച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരായ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു. ഇതിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ കേസെടുത്തത്.