‘പ്രിയപ്പെട്ട സഹോദരിമാർക്ക് ഹൃദയാഭിവാദ്യങ്ങൾ...’; മേയർ സ്ഥാനാർഥികൾക്ക് ആശംസ നേർന്ന് ദീപ്തി മേരി വർഗീസ്
text_fieldsകൊച്ചി: കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥികൾക്ക് ആശംസകൾ നേർന്ന് ദീപ്തി മേരി വർഗീസ്. കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന, കോൺഗ്രസ് നേതൃത്വത്തിന്‍റെ മുഖ്യ പരിഗണനയിലുണ്ടായിരുന്ന ദീപ്തിയെ വെട്ടിയാണ് മിനിമോൾക്കും ഷൈനി മാത്യുവിനും പാർട്ടി മേയർ പദവി നൽകാൻ തീരുമാനിച്ചത്.
ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. വെള്ളിയാഴ്ചയാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. ‘കൊച്ചിൻ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരിമാർക്ക് ഹൃദയാഭിവാദ്യങ്ങൾ’ എന്നാണ് ദീപ്തി മേരി വർഗീസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്.
ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാർട്ടി നേതൃത്വത്തിനിടയിൽ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാൽ കൗൺസിലർമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയാണ് കോർ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.
മേയറായി പാർട്ടി പ്രഖ്യാപിച്ച രണ്ടുപേർക്കും തന്റെ പിന്തുണയുണ്ടെന്നും യാതൊരു തരത്തിലുള്ള ബാർഗയിനിങ്ങും നടത്തിയിട്ടില്ലെന്നും നടത്തുകയുമില്ലെന്നും കഴിഞ്ഞദിവസം ദീപ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ഇവിടെ ഒരു പ്രശ്നവുമില്ല. രണ്ടുപേരെ മേയർ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുപേർക്കും എന്റെ പിന്തുണയുണ്ട്. യാതൊരു തരത്തിലുള്ള ബാർഗയിനിങ്ങും ഞാൻ നടത്തിയിട്ടില്ല, നടത്തുന്നുമില്ല. പാർട്ടി ഇനിയും എന്താണോ പറയുന്നത് അത് ഞാൻ ചെയ്യും. എനിക്ക് ഇപ്പോൾ വലിയൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. ഞാൻ കെപിസിസി ജനറൽ സെക്രട്ടറി ആണ്. എന്നെ ജയിപ്പിച്ച ജനങ്ങളുണ്ട്, എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയം ഡിവിഷൻ ആണ് എന്റേത്. ഇവിടുത്തെ ജനങ്ങൾ എന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം ചെയ്യുക എന്നതിൽ കവിഞ്ഞ മറ്റൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല’ -ദീപ്തി മേരി വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

