'പോസ്റ്റർ മുന്നൊരുക്കം മാത്രം'; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ പോസ്റ്റർ അടിച്ചതിൽ ദീപ്തി മേരി വർഗീസ്
text_fieldsകൊച്ചി: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പോസ്റ്റർ തയാറാക്കിയത് മുന്നൊരുക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് ദീപ്തി മേരി വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് വലിയ ജനപിന്തുണയാണ് ഉണ്ടെന്നും ഇത്തവണ ആര് മത്സരിച്ചാലും കൊച്ചി തിരിച്ചു പിടിക്കുമെന്നും ദീപ്തി പറഞ്ഞു.
'ഇപ്രാവശ്യം കൊച്ചി കോൺഗ്രസ് തിരിച്ച് പിടിക്കും. അതിനുള്ള സാഹചര്യമാണ് പാർട്ടിയിൽ ഉള്ളത്. ജനങ്ങൾക്കിടയിൽ ഇത്തവണ യു.ഡി.എഫിന് വലിയ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ആര് സ്ഥാനാർഥി ആയാലും മണ്ഡലം തിരിച്ചു പിടിക്കും. 23 ദിവസം മാത്രമാണ് ഇനി പ്രചരണത്തിന് ഉള്ളത്. സിറ്റിങ് എം.എൽ.മാരൊക്കെ വളരെ മുമ്പ് തന്നെ പോസ്റ്ററൊക്കെ തയാറാക്കി വെച്ചിട്ടുണ്ട്. എം.എൽ.എ ഇല്ലാത്ത സ്ഥലത്ത് പുതുതായി വരുന്നവർ മുന്നൊരുക്കം നടത്തണ്ടേ' -ദീപ്തി മേരി വർഗീസ് ചോദിച്ചു.
തൃക്കാക്കരയിൽ സിറ്റിങ് എം.എൽ.എ മത്സരിക്കുന്നത് കൊണ്ട് കൊച്ചിയിൽ സ്ഥാനാർഥിയാകുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്ന മറ്റുള്ളവരും തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ദീപ്തി പറഞ്ഞു. നോമിനേഷൻ പൂരിപ്പിച്ചതും മുന്നൊരുക്കത്തിന്‍റെ ഭാഗമായിട്ടാണെന്നും പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമെന്നും അവർ അറിയിച്ചു.
അതേസമയം, കൊച്ചി മേയർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടതിൽ മുൻതൂക്കമുണ്ടായിരുന്ന പേരായിരുന്നു ദീപ്തി മേരി വർഗീസിന്റേത്. എന്നാൽ ദീപ്തിയെ വെട്ടിയാണ് മിനിമോൾക്കും ഷൈനി മാത്യുവിനും പാർട്ടി മേയർ പദവി നൽകാൻ തീരുമാനിച്ചത്. മേയറായി പാർട്ടി പ്രഖ്യാപിച്ച രണ്ടുപേർക്കും തന്റെ പിന്തുണയുണ്ടെന്നും യാതൊരു തരത്തിലുള്ള ബാർഗയിനിങ്ങും നടത്തിയിട്ടില്ലെന്നും നടത്തുകയുമില്ലെന്നും അന്ന് ദീപ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദീപ്തിയെ അവഗണിച്ചത് പാർട്ടിക്കകത്തും പുറത്തും ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

