‘എത്ര മന്ത്രി വേണം, അധ്യക്ഷന്‍ വേണമെന്നൊന്നും പറയാന്‍ സഭ ഉദ്ദേശിക്കുന്നില്ല’ -കോണ്‍ഗ്രസിനെതിരെ ദീപിക
text_fieldsകോട്ടയം: നേതൃമാറ്റ ചര്‍ച്ചകള്‍ക്കള്‍ക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. എത്ര മന്ത്രി വേണം, കെ.പി.സി.സി അധ്യക്ഷന്‍ വേണം എന്നൊന്നും പറയാന്‍ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാന്‍ പ്രാപ്തിയുള്ളയാളെ അധ്യക്ഷനാക്കിയാല്‍ കൊള്ളാമെന്നും സഭ മുന്നറിയിപ്പ് നല്‍കുന്നു.
'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം' എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമര്‍ശനം. കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ കത്തോലിക്ക സഭ നിര്‍ദേശിച്ചെന്ന റിപ്പോര്‍ട്ടിനിടെയാണ് ദീപികയിലെ വിമര്‍ശനം. 'ചെറിയ സ്ഥാനമാനങ്ങള്‍ക്കും സ്‌റ്റേജിലൊരു ഇരുപ്പിടത്തിന് പോലും കോണ്‍ഗ്രസിലുണ്ടാകുന്ന തിക്കിതിരക്ക് എക്കാലത്തും പാര്‍ട്ടിയുടെ വിലകെടുത്തിയിട്ടുള്ളതാണ്. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്ക് ഏറ്റവും ക്ഷീണമുണ്ടാക്കുന്നത്. അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തില്‍ മതനേതാക്കള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന് അറിയില്ല’ -എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രംഗത്തുവന്നിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണമെന്നാണ് രാഹുൽ ഇന്നലെ പത്തനംതിട്ടയിൽ ആവശ്യപ്പെട്ടത്. ‘കഴിഞ്ഞ 10 വർഷമായി പാർട്ടിയിലെ യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കളും കാണിക്കണം. ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ്. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. ദിവസവും രാവിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയെ സംബന്ധിച്ച് വരുന്ന വാർത്തകൾ നാണക്കേടാണ്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുമോ ഇല്ലേ എന്നതിൽ വ്യക്തത വരുത്തണം. എങ്കിൽ മാത്രമേ തുടരുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയൂ. വരാൻ പോകുന്നത് അങ്കണവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

