ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും; അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജി വിശദ വാദത്തിന് മാറ്റി
text_fieldsകൊച്ചി: അപകീർത്തികരമായ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് (41) ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈബ്രാഞ്ചിനോ സി.ബി.ഐക്കോ കൈമാറണമെന്ന ഹരജി ഹൈകോടതി ഫെബ്രുവരി 10ന് പരിഗണിക്കാൻ മാറ്റി. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അജിത് കുമാർ (വട്ടിയൂർക്കാവ് അജിത് കുമാർ) നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്.
മാറ്റിവെക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. കേസിലെ പ്രതിയായ കോഴിക്കോട് വടകര സ്വദേശിനി ഷിംജിത മുസ്തഫക്കെതിരെ പൊലീസ് ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
കണ്ണൂരിൽ ഓടുന്ന ബസിൽ ദീപക് തന്നെ അപമാനിച്ചെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ഷിംജിത പ്രചരിപ്പിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ദീപകിന്റെ ആത്മഹത്യ. തുടർന്ന് ആത്മഹത്യാ പ്രേരണ ചുമത്തി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഹരജിയിലെ വാദം.
ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: സമൂഹമാധ്യമത്തിലെ വിഡിയോയെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിഡിയോ പകർത്തിയ ബസിലുൾപ്പെടെ പ്രതിയെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്താനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
റിമാൻഡിലുള്ള പ്രതിക്കായി കുന്ദമംഗലം കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, ഷിംജിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
വിഡിയോ പകർത്തിയ ഫോൺ ഫോറൻസിക് പരിശോധനക്കായി കൈമാറിയിരിക്കുകയാണ്. പരിശോധനാ ഫലം വന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും. അതേസമയം, ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഷിംജിത നൽകിയ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

