തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ശക്തമായ പ്രചാരണായുധമാകുന്നു. കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെതിരെ തീരദേശമേഖലയിൽ ശക്തമായ പ്രചാരണം നടത്താൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ആഴക്കടൽ മത്സ്യബന്ധന കരാറിലെ അഴിമതി വിശദീകരിച്ച് രണ്ട് മേഖലാ ജാഥകൾ തീരദേശ മേഖലയിൽ നടത്തും. മാർച്ച് ഒന്നിന് കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥക്ക് ടി.എൻ. പ്രതാപൻ എം.പിയും തിരുവനന്തപുരം പൂവാറിൽനിന്ന് ആരംഭിക്കുന്ന ജാഥക്ക് ഷിബു ബേബിജോണും നേതൃത്വം നൽകും. തീരദേശത്തെ 220 ഒാളം വരുന്ന മുഴുവൻ മത്സ്യഗ്രാമങ്ങളിലും സന്ദർശിച്ച് രണ്ട് ജാഥകളും അഞ്ചിന് കൊച്ചി വൈപ്പിൻ തീരത്ത് സമാപിക്കും.