സംസ്ഥാന ആഭ്യന്തര വളർച്ചയിൽ ഇടിവ്
text_fieldsധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദന നിരക്കിൽ വൻ ഇടിവ്. 2021-22 സാമ്പത്തിക വർഷത്തിൽ 12.01 ശതമാനമായിരുന്ന വളർച്ച നിരക്ക് 2022-23ൽ 6.6 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ആവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോർട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധയുണ്ടായ തൊട്ട് മുൻവർഷത്തെ 8.43 എന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ വർഷം 12ലേക്ക് കുതിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇക്കുറി വളർച്ച നിരക്കിലെ കൂപ്പുകുത്തൽ വ്യക്തമാവുക.
മേഖല തിരിച്ചുള്ള വളർച്ച നിരക്കിലും ഇടിവ് പ്രകടമാണ്. കൃഷിയും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടുന്ന പ്രാഥമിക മേഖലയിൽ 2021-22ലെ 6.91 ശതമാനത്തിൽനിന്ന് 4.96 ശതമാനമായി കുറഞ്ഞു. വ്യവസായങ്ങളും സംരംഭങ്ങളും ഉൾക്കൊള്ളുന്ന ദ്വീതിയ മേഖലയിൽ കഴിഞ്ഞവർഷം 20.79 ശതമാനമായിരുന്നു വളർച്ച. ഈ വർഷം 14.19 ശതമാനവും. ജി.എസ്.ഡി.പിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന, സേവന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ത്രിതീയ മേഖലയിൽ ഈ വർഷം 11.53 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷം 24.8 ശതമാനമായിരുന്നു. അതേസമയം സംസ്ഥാന പ്രതിശീർഷ വരുമാനം 1.64 ലക്ഷം രൂപയിൽനിന്ന് 2022-23ൽ 1.74 ലക്ഷം രൂപയായി. കഴിഞ്ഞ വർഷത്തെ ഉയർന്ന വളർച്ച നിരക്കിന് കാരണം കോവിഡ് കാലത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളാണെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. കഴിഞ്ഞ വർഷത്തേക്കാൾ വളർച്ച നിരക്കിൽ കുറവുണ്ടെങ്കിലും ഇക്കുറി ദേശീയ ശരാശരിയേക്കാൾ (5.6 ശതമാനം) ആഭ്യന്തര വളര്ച്ചയുണ്ട്. റവന്യൂ കമ്മിയും ധന കമ്മിയും കുറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുകടം കൂടിയെങ്കിലും കടത്തിന്റെ വാർഷിക വളർച്ച നിരക്കിൽ കുറവ് വന്നിട്ടുണ്ട്. റവന്യൂ കമ്മി 2.21 ശതമാനത്തിൽനിന്ന് 0.88 ആയാണ് കുറഞ്ഞത്. ധന കമ്മി ജി.എസ്.ഡി.പിയുടെ 3.99 ശതമാനത്തിൽനിന്ന് 2.44 ശതമാനമായും.
റവന്യൂ വരുമാനത്തിൽ നേരിയ വർധന രേഖപ്പെടുത്തി എന്നതാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാലത്തെ നേരിയ ആശ്വാസം. 12.48 ശതമാനത്തിൽനിന്ന് 12.69 ശതമാനമാണ് വർധന. തനത് നികുതി വരുമാനത്തിലും പ്രകടമായ വർധനവ്. തനത് നികുതി കഴിഞ്ഞ വർഷം 22.41 ശതമാനമായിരുന്നത് ഇത്തവണ 23.36 ആയാണ് വർധിച്ചത്. ആഭ്യന്തരകടം 2,10,791 കോടിയിൽനിന്ന് 2,27,137 കോടിയായി കൂടി. സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ വാർഷിക വളർച്ച നിരക്കിൽ പക്ഷേ കുറവാണ് രേഖപ്പെടുത്തിയത്. 10.16 ശതമാനത്തിൽനിന്ന് 8.19 ശതമാനം ആയാണ് കുറഞ്ഞത്. പൊതുകടം 238000.96 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

