എൽദോസിനെ കേട്ടശേഷം തീരുമാനമെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് എതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്റെ വശംകൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ രണ്ടുവശവും പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഭവം പുറത്തുവന്നശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ല. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിരത്തിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽനിന്ന് വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്ന കേസ് ആയതുകൊണ്ടുതന്നെ പ്രത്യേക കമീഷൻ വെച്ച് പാർട്ടി സമാന്തര അന്വേഷണം നടത്തില്ല. കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കളുമായി ചേർന്ന് തീരുമാനമെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

