അമൃത് കുടിവെള്ള പദ്ധതി ഭരണാനുമതി റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാൻ തീരുമാനം
text_fieldsമട്ടാഞ്ചേരി: തോപ്പുംപടിയിൽ നാലു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമാണവും പമ്പ് ഹൗസ് നവീകരണവും ഉൾപ്പെടുന്ന അമൃത് പദ്ധതിയുടെ ഭരണാനുമതി റദ്ദാക്കിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കാൻ മന്ത്രിതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം. കൊച്ചി നഗരത്തിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് യോഗത്തിൽ എം.എൽ.എ മുഹമ്മദ് ഷിയാസ് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി.
ജനോപകാരപ്രദമായ പദ്ധതി റദ്ദാക്കപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ജല അതോറിറ്റിയുടെ വീഴ്ചകളെയും എം.എല്‍.എ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തടസ്സങ്ങൾ നീക്കി പദ്ധതി എത്രയുംവേഗം പുനരുജ്ജീവിപ്പിച്ചു നടപ്പാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി.
പദ്ധതിക്കാവശ്യമായ പുതുക്കിയ ഭരണാനുമതി എത്രയും പെട്ടെന്ന് ലഭ്യമായാൽ, 2027 മാർച്ചിൽ നിർമാണം പൂർത്തിയാക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്യാമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നല്കി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, വാട്ടർ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ സജീവ് രത്നാകരൻ, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. പ്രവീൺ ,എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എച്ച്. ഹാഷിബ്, അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെന്റ് ഉദ്യോഗസ്ഥർ, അമൃത് കൊച്ചി സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

