ജീവൻ നഷ്ടമായതോടെ ഉണർന്ന് അധികൃതർ; താൽക്കാലിക പാലം പുനർനിർമിക്കാൻ തീരുമാനം
text_fieldsവെച്ചൂർ: വെച്ചൂർ-മറ്റം റോഡിൽ അഞ്ചുമനതോടിന് കുറുകെയുള്ള താൽക്കാലിക പാലം പുനർനിർമിക്കാൻ തീരുമാനം. തകർച്ചയിലുള്ള ഈ പാലത്തിലൂടെ കടന്നുപോകുന്നതിനിടെ ടിപ്പർ മറിഞ്ഞ് കഴിഞ്ഞദിവസം ഡ്രൈവർ മരിച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ജനകീയ സമിതി യോഗത്തിലാണ് പാലം ബലപ്പെടുത്താനുള്ള തീരുമാനം. പാലത്തിെൻറ പുനർനിർമാണത്തിനായി വെച്ചൂർ പഞ്ചായത്ത് ഒരുലക്ഷം രൂപ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
18 മീറ്റർ വീതിയുള്ള ആഴമേറിയ തോടിനു കുറുകെ തെങ്ങിൻതടികൾ പാകി മീതെ മണ്ണിട്ടു തയാറാക്കിയ ഈ പാലത്തിലൂടെയാണ് പ്രദേശത്തെ 130ഓളം കുടുംബങ്ങളും 1500 ഏക്കറോളം വരുന്ന നെൽപാടശേഖരങ്ങളിലേക്കും കർഷകർ വിത്തും വളവും മറ്റും എത്തിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ക്രെയിനിൽ പോസ്റ്റുകൾ കയറ്റിക്കൊണ്ടുപോയപ്പോൾ ഭാരക്കൂടുതൽ മൂലം പാലത്തിന് ബലക്ഷയം സംഭവിച്ച് വിള്ളൽ വീണു.
ഒരുമണിക്കൂറിനു ശേഷം പാലത്തിന് ബലക്ഷയം സംഭവിച്ചതറിയാതെ ലൈബ്രറി കെട്ടിട നിർമാണത്തിനായി സാമഗ്രിയുമായെത്തിയ ടിപ്പർ ലോറി പാലത്തിൽ കയറിയപ്പോൾ കീഴ്മേൽ മറിഞ്ഞാണ് ഡ്രൈവർ കല്ലറ സ്വദേശി സുരേഷ് കുമാർ (45) മരിച്ചത്. ഇതോടെയാണ് ജനകീയ സമിതി യോഗം ചേർന്നത്. എസ്.ഡി. ഷാജി ചെയർമാനും സജീഷ്ബാബു കൺവീനറുമായ 15 അംഗ കമ്മിറ്റി താൽക്കാലിക പാലത്തിന്റ നിർമാണവും തുടർ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
അരനൂറ്റാണ്ടിലധികമായി പാലത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടിയിട്ടും അധികൃതർ കണ്ണുതുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വാർഡ് മെംബർ ബിന്ദു രാജു, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ്കുമാർ, വെച്ചൂർ, ആർപ്പൂക്കര പഞ്ചായത്ത് അംഗങ്ങളായ സഞ്ജയൻ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

